മോശം ഫോം: ടീമിന് വേണ്ടി സ്വയം മാറി നിൽക്കാൻ തയ്യാറാണെന്ന് മോർഗൻ

അഭിറാം മനോഹർ| Last Modified ബുധന്‍, 20 ഒക്‌ടോബര്‍ 2021 (21:15 IST)
ബാറ്റിങിലെ മോശം ഫോം കണക്കിലെടുത്ത് ടി20 ലോകകപ്പ് ടീമിൽ നിന്നും സ്വയം പിന്മാറാൻ തയ്യാ‌റാണെന്ന് ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗൻ. ഐപിഎല്ലിൽ കൊൽക്കത്തയെ ഫൈനലിലെത്തിച്ചുവെങ്കിലും ബാറ്റ്സ്മാൻ എന്ന നിലയിൽ ദയനീയമായ പ്രകടനമായിരുന്നു മോർഗൻ കാഴ്‌ച്ചവെച്ചത്.

ഐപിഎല്ലില്‍ 11.08 ശരാശരിയില്‍ 133 റണ്‍സ് മാത്രമാണ് മോര്‍ഗന്‍ നേടിയത്.
എല്ലായ്പ്പോഴും പറയുന്ന കാര്യം മാത്രമാണ് എനിക്കിപ്പോഴും പറയാനുള്ളത്. സ്വയം മാറി നിന്ന് മറ്റൊരാള്‍ക്ക് അവസരം നൽകാൻ ഞാൻ എപ്പോഴും തയ്യാറാണ്. ഇംഗ്ലണ്ടിന്റെ ലോകകപ്പ് സാധ്യതകൾക്ക് തടസമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
ഞാന്‍ റണ്‍സടിക്കുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷെ എന്‍റെ ക്യാപ്റ്റന്‍സി അത്ര മോശമാണെന്ന് തോന്നുന്നില്ല. ഇതെല്ലാം വ്യത്യസ്ത വെല്ലുവിളികളായി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് മോർഗൻ പറഞ്ഞു.

ഒരു ബൗളറല്ലാത്ത സ്ഥിതിക്ക് ഫീൽഡിലും കാര്യമായി സംഭാവന ചെയ്യാൻ സാധിച്ചില്ലെങ്കിലും ഒരു ക്യാപ്‌റ്റൻ എന്ന നിലയിൽ ഞാൻ മോശമാണെന്ന് കരുതുന്നില്ല. മോശം ഫോമിന്‍റെ കാലമൊന്നും എനിക്ക് മറികടക്കാനായിരുന്നില്ലെങ്കില്‍ ഇപ്പോള്‍ ഞാനിവിടെ നില്‍ക്കില്ലായിരുന്നു. ടി20 ക്രിക്കറ്റില്‍ എല്ലായ്പ്പോഴും റിസ്ക് എടുത്ത് ബാറ്റ് ചെയ്യേണ്ടിവരും. ഞാനും അത് തന്നെയാണ് ചെയ്യുന്നത്. ടീം ആവശ്യപ്പെടുന്നിടത്തോളം ഞാൻ ടീമിൽ തുടരും. അല്ലാത്തപക്ഷം മാറിനിൽക്കും. മോർഗൻ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :