2022 ലോകകപ്പ് സെമി ആവർത്തിക്കുമോ? ഇന്ത്യയ്ക്ക് മുന്നിൽ ഭീഷണിയായി ഇംഗ്ലണ്ട് ഓപ്പണർമാർ

Butler, England Team
അഭിറാം മനോഹർ| Last Modified വ്യാഴം, 27 ജൂണ്‍ 2024 (12:38 IST)
Butler, Team
ടി20 ലോകകപ്പില്‍ ഇന്ത്യ- ഇംഗ്ലണ്ട് സെമിഫൈനല്‍ ഇന്ന് നടക്കാനിരിക്കെ മത്സരത്തിന് വെല്ലുവിളിയായി മഴ ഭീഷണി. മഴ കളിമുടക്കുമോ എന്ന ആശങ്കകള്‍ക്കിടയിലും ഇംഗ്ലണ്ടിന്റെ ശക്തമായ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിക്കുമോ എന്ന ആശങ്കയാണ് ഇന്ത്യന്‍ ആരാധകര്‍ക്കുള്ളത്. കഴിഞ്ഞ ടി20 ലോകകപ്പ് സെമിഫൈനലിലും ഇംഗ്ലണ്ട് തന്നെയായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. അന്ന് ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം വിക്കറ്റുകളൊന്നും നഷ്ടമാകാതെയാണ് ഇംഗ്ലണ്ട് മറികടന്നത്. ഇന്ന് ഇംഗ്ലണ്ടിനെതിരെ കളിക്കാനിറങ്ങുമ്പോള്‍ ഈ പരാജയത്തിന് പ്രതികാരം ചെയ്യാന്‍ കൂടിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

2022ലെ ലോകകപ്പ് സെമിഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ജോസ് ബട്ട്ലറും അലക്‌സ് ഹെയില്‍സും ഗംഭീര പ്രകടനമായിരുന്നു ഇന്ത്യക്കെതിരെ നടത്തിയത്. ജോസ് ബട്ട്ലര്‍ 49 പന്തില്‍ 80 റണ്‍സും അലക്‌സ് ഹെയില്‍സ് 47 പന്തില്‍ 86 റണ്‍സുമാണ് മത്സരത്തില്‍ നേടിയത്. 2024ലെ ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെ നേരിടുമ്പോഴും ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ തന്നെയാണ് ഇന്ത്യയ്ക്ക് വെല്ലുവിളി. ഈ ലോകകപ്പില്‍ വമ്പന്‍ ഫോമിലല്ലെങ്കിലും അമേരിക്കക്കെതിരായ അവസാന മത്സരത്തില്‍ 38 പന്തില്‍ 6 ഫോറും 7 സിക്‌സും സഹിതം പുറത്താകാതെ 83 റണ്‍സുമായി ബട്ട്ലര്‍ ട്രാക്കിലെത്തിയിരുന്നു. ഒറ്റയ്ക്ക് മത്സരം മാറ്റിമറിയ്ക്കാനുള്ള കഴിവാണ് ബട്ട്ലറെ അപകടകാരിയാക്കുന്നത്.

അതേസമയം മറ്റൊരു ഓപ്പണറായ ഫില്‍ സാള്‍ട്ടാകട്ടെ ഐപിഎല്ലില്‍ എവിടെ അവസാനിപ്പിച്ചോ അവിടെ നിന്നാണ് ടി20 ലോകകപ്പില്‍ തുടങ്ങിയത്. ഇംഗ്ലണ്ടിന്റെ സൂപ്പര്‍ 8 പോരാട്ടത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ 47 പന്തില്‍ 7 ഫോറും 5 സിക്‌സും സഹിതം പുറത്താകാതെ 87 റണ്‍സുമായി സാള്‍ട്ട് തിളങ്ങിയിരുന്നു. ഇംഗ്ലണ്ടിന്റെ ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ പുറത്താക്കിയെങ്കില്‍ മാത്രമെ ഇന്ത്യയ്ക്ക് ഫൈനല്‍ പോരാട്ടം സ്വപ്നം കാണാനാകു. ബൗളര്‍മാരില്‍ ആര്‍ച്ചര്‍, മാര്‍ക്ക് വുഡ്, ജോര്‍ദാന്‍ എന്നിങ്ങനെ വമ്പന്‍ പേരുകളുണ്ടെങ്കിലും പേസര്‍മാര്‍ ആരും തന്നെ ഫോമിലല്ല. ആദില്‍ റഷീദ് മാത്രമാണ് ഇംഗ്ലണ്ട് ബൗളര്‍മാരില്‍ ഇന്ത്യയ്ക്ക് ഭീഷണി സൃഷ്ടിക്കുക. അതേസമയം മത്സരത്തില്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരുടെ പ്രകടനം ഇന്ത്യയ്ക്ക് നിര്‍ണായകമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :