സഞ്ജുവിന്റെ സെഞ്ചുറി തിളക്കത്തില്‍ ഇന്ത്യ ഡി ശക്തമായ നിലയില്‍; സ്‌കോര്‍ കാര്‍ഡ് ഇങ്ങനെ

ആറാമനായാണ് സഞ്ജു ക്രീസിലെത്തിയത്

Sanju Samson
രേണുക വേണു| Last Modified വെള്ളി, 20 സെപ്‌റ്റംബര്‍ 2024 (10:23 IST)
Sanju Samson

Sanju Samson: വിമര്‍ശകര്‍ക്ക് ബാറ്റ് കൊണ്ട് മറുപടി നല്‍കി മലയാളി താരം സഞ്ജു സാംസണ്‍. ദുലീപ് ട്രോഫി ക്രിക്കറ്റില്‍ താരം സെഞ്ചുറി നേടി. ഇന്ത്യ ബി ടീമിനെതിരായ മത്സരത്തില്‍ ഇന്ത്യ ഡിയുടെ താരമായ സഞ്ജു 95 പന്തുകളില്‍ നിന്നാണ് സെഞ്ചുറി നേടിയത്. ദുലീപ് ട്രോഫിയില്‍ സഞ്ജുവിന്റെ രണ്ടാം മത്സരമാണിത്. 11 ഫോറുകളും മൂന്നു സിക്‌സറുകളുമാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സഞ്ജുവിന്റെ 11-ാം സെഞ്ചുറിയാണിത്. ഇന്ത്യ ഡിയെ ശക്തമായ നിലയില്‍ എത്തിച്ച ശേഷമാണ് സഞ്ജു പുറത്തായത് (101 പന്തില്‍ 106).

ആറാമനായാണ് സഞ്ജു ക്രീസിലെത്തിയത്. തുടക്കം മുതല്‍ അതീവ ശ്രദ്ധയോടെ ബാറ്റ് ചെയ്ത സഞ്ജു കൃത്യമായ ഇടവേളകളില്‍ ബൗണ്ടറികള്‍ നേടി ടീം സ്‌കോര്‍ ഉയര്‍ത്തി. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഇന്ത്യ ഡി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 367 റണ്‍സ് നേടിയിട്ടുണ്ട്. ദേവ്ദത്ത് പടിക്കല്‍, ശ്രികര്‍ ഭരത്, റിക്കി ഭുയ് എന്നിവര്‍ അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ നായകന്‍ ശ്രേയസ് അയ്യര്‍ (പൂജ്യം) നിരാശപ്പെടുത്തി.

ദുലീപ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ സഞ്ജു നിരാശപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ ഒട്ടേറെ വിമര്‍ശനങ്ങളും പരിഹാസങ്ങളും താരത്തിനു കേള്‍ക്കേണ്ടിവന്നു. കലക്കന്‍ സെഞ്ചുറിയോടെ അതിനെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് സഞ്ജു ഇപ്പോള്‍. ആദ്യ മത്സരത്തില്‍ ആറ് പന്തില്‍ നിന്ന് അഞ്ച് റണ്‍സ് മാത്രമാണ് സഞ്ജു സ്‌കോര്‍ ചെയ്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :