അവനോട് കലിപ്പിടാൻ നിൽക്കണ്ട, അവൻ ഇപ്പോൾ ഡിഎസ്പിയാണ്, സിറാജിനോട് കോർത്ത കോൺവെയോട് ഗവാസ്കർ

siraj- conway
അഭിറാം മനോഹർ| Last Modified വെള്ളി, 18 ഒക്‌ടോബര്‍ 2024 (12:56 IST)
siraj- conway
ഇന്ത്യ- ന്യൂസിലന്‍ഡ് പോരാട്ടത്തിന്റെ രണ്ടാം ദിനത്തില്‍ ന്യൂസിലന്‍ഡ് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് നടത്തിയ വാക്‌പോരില്‍ രസകരമായ കമന്റുമായി ഇന്ത്യന്‍ ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍. മത്സരത്തില്‍ സിറാജ് എറിഞ്ഞ പന്തില്‍ കോണ്‍വെ ബൗണ്ടറി നേടിയിരുന്നു. തൊട്ടടുത്ത പന്ത് കോണ്‍വെ പ്രതിരോധിച്ചപ്പോൾ കോണ്‍വെയ്ക്ക് അടുത്തെത്തി സിറാജ് വിരല്‍ ചൂണ്ടുകയായിരുന്നു.


എന്നാല്‍ സിറാജിന്റെ പ്രകോപനത്തെ ഒരു ചെറുചിരിയോടെയാണ് കോണ്‍വെ നേരിട്ടത്. ഇതിന് പിന്നാലെയാണ് കമന്ററി ബോക്‌സില്‍ നിന്നും സുനില്‍ ഗവാസ്‌കര്‍ രസകരമായ കമന്റുമായി എത്തിയത്. സിറാജിനോട് കളിക്കാന്‍ നില്‍ക്കണ്ട. അവന്‍ പഴയ ആളല്ല ഇപ്പോള്‍ ഡിഎസ്പിയാണെന്നാണ് ഗവാസ്‌കര്‍ കമന്ററിയില്‍ പറഞ്ഞത്. ടീം അംഗങ്ങള്‍ സിറാജിന് സല്യൂട്ട് അടിക്കാറുണ്ടോ എന്ന് തനിക്ക് സംശയമുണ്ടെന്നും ഗവാസ്‌കര്‍ തമാശയായി പറഞ്ഞു.


കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സിറാജ് തെലങ്കാന പോലീസില്‍ ഡെപ്യൂട്ടി സൂപ്രണ്ടായി ചുമതലയേറ്റത്. ഡിജിപി ഓഫീസിലെത്തി സിറാജ് ചാര്‍ജെടുക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :