സിഡ്‌നി|
jibin|
Last Updated:
വെള്ളി, 3 ഫെബ്രുവരി 2017 (16:01 IST)
ഇന്ത്യന്‍ പര്യടനത്തിന് എത്തുന്ന ഓസ്‌ട്രേലിയന്‍ ടീം ഒരിക്കലും വിരാട് കോഹ്‌ലിയെ പ്രകോപിപ്പിക്കരുതെന്ന മുന്നറിയിപ്പുമായി മുന്‍ ഓസീസ് താരം മൈക്ക് ഹസി. വാക്കുകള്‍ കൊണ്ട് കോഹ്‌ലിയെ നേരിടാമെന്ന വ്യാമോഹം പാടില്ല, അങ്ങനെ സംഭവിച്ചാല്‍ ബാറ്റ് കൊണ്ടാകും അദ്ദേഹം നിങ്ങള്‍ക്ക് മറുപടി നല്‍കുന്നതെന്നും ഹസി കൂട്ടിച്ചേര്‍ത്തു.
ഓസീസ് ടീം ഒരിക്കലും വാക്കുകള്‍ കൊണ്ട് കോഹ്‌ലിയെ ആക്രമിക്കാമെന്ന് കരുതരുത്. ആ നീക്കം തിരിച്ചടി മാത്രമെ സമ്മാനിക്കു. പ്രകോപനങ്ങള്‍ക്ക് ബാറ്റ് കൊണ്ട് മറു പടി നല്‍കുന്നയാളാണ് ഇന്ത്യന്‍ ക്യാപ്‌റ്റന്‍. തീര്‍ച്ചയായും അദ്ദേഹം ഒരു ശക്തനായ എതിരാളി തന്നെയാണെന്നും ഹസി പറഞ്ഞു.
വ്യക്തമായ പ്ലാനിംഗ് നടത്തി ഇന്ത്യന്‍ ടീമിനെ നേരിടുകയാണ് വേണ്ടത്. ഗ്രൌണ്ടിലെ വാക്ക് തര്‍ക്കങ്ങളോ വഴക്കോ അല്ല ജയം സമ്മാനിക്കുന്നതെന്ന ഓര്‍മ്മ ഓസീസ് ടീമിന് വേണം. എന്നാല്‍, കളത്തിലെ വാക് പോരാട്ടങ്ങള്‍ ആസ്വദിക്കുന്ന താരമാണ് കോഹ്‌ലി. പക്ഷേ അദ്ദേഹത്തില്‍ നിന്ന് വാക്കുകളേക്കാള്‍ മൂര്‍ച്ഛ ബാറ്റിംഗിനായിരിക്കുമെന്നും ഹസി വ്യക്തമാക്കി.
വാക്കുകള്‍ ഉപയോഗിച്ചുള്ള പ്രകോപനങ്ങള്‍ കോഹ്‌ലിക്ക് ഇഷ്‌ടമാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. വ്യക്തിപരമായി പറഞ്ഞാല്‍ ഞാന്‍ ഒരിക്കലും അദ്ദേഹത്തെ വാക്കുകള്‍ കൊണ്ട് ആക്രമിക്കാന്‍ ശ്രമിക്കില്ലെന്നും ഹസി വ്യക്തമാക്കി. അതേസമയം, ഓസീസ് ടീമിന് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.