അഭിറാം മനോഹർ|
Last Modified വ്യാഴം, 31 മാര്‍ച്ച് 2022 (19:58 IST)
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടത്തിലാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വിജയം സ്വന്തമാക്കിയത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ദിനേശ് കാർത്തികിന്റെ ഫിനിഷിങ് മികവിലായിരുന്നു ബാംഗ്ലൂരിന്റെ വിജയം. അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകളിൽ സിക്‌സും ഫോറും കണ്ടെത്തിയാണ് കാർത്തിക് ബാംഗ്ലൂരിന് വിജയം സമ്മാനിച്ചത്.
ഇപ്പോഴിതാ കാർത്തികിനെ പുകഴ്‌ത്തി രംഗത്തെത്തിയിരിക്കുകയാണ് ബാംഗ്ലൂർ നായകനായ ഫാഫ് ഡുപ്ലെസി. മുൻ ഇന്ത്യൻ നായകനും ചെന്നൈയിലെ സഹതാരവുമായിരുന്ന മഹേന്ദ്ര സിങ് ധോനിയുമായാണ് ഡുപ്ലെസി കാർത്തികിനെ താരതമ്യപ്പെടുത്തിയത്.
കളിക്കളത്തിലെ അതീവസമ്മർദ്ദഘട്ടത്തിലും പുലർത്തുന്ന അസാമാന്യമായ ശാന്തതയുടെ കാര്യത്തിൽ കാർത്തിക് ധോനിയെ ഓർമിപ്പിക്കുന്നുവെന്നാണ് ഡുപ്ലെസി പറയുന്നത്. ആധികാരികമായ വിജയമാണ് ഞങ്ങൾ ആഗ്രഹിച്ചത്. പക്ഷേ വിജയം വിജയം തന്നെയാണ്. അവസാന നിമിഷങ്ങളിൽ ദിനേഷ് കാർത്തികിന്റെ പരിചയസമ്പത്താണ് ടീമിന് തുണയായത്. ശാന്തമായി അദ്ദേഹം ആ സന്ദർഭത്തെ കൈകാര്യം ചെയ്‌തു. സമ്മർദ്ദഘട്ടങ്ങളെ ശാന്തമായി കൈകാര്യം ചെയ്യുന്നതിൽ സാക്ഷാൽ ധോനിയുടെ മികവ് ഏറെക്കുറെ കാർത്തിക്കിനുമുണ്ട്. ഡുപ്ലെസി പറഞ്ഞു.