അഭിറാം മനോഹർ|
Last Modified തിങ്കള്‍, 28 മാര്‍ച്ച് 2022 (12:47 IST)
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഉയർത്തിയ 206 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം മറികടന്ന് പഞ്ചാബ് കിംഗ്‌സ്. നവി മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ അഞ്ച് വിക്കറ്റിന്റെ ജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. 43 റണ്‍സ് വീതം നേടിയ ശിഖര്‍ ധവാന്‍, ഭാനുക രജപക്‌സ, എട്ട് പന്തില്‍ 25 റണ്‍സുമായി പുറത്താവാതെ നിന്ന ഒഡൈയ്‌ൻ സ്മിത്ത് എന്നിവരുടെ പ്രകടനമാണ് പഞ്ചാബിന്റെ വിജയം എളുപ്പമാക്കിയത്. മായങ്ക് അഗര്‍വാള്‍ (24 പന്തില്‍ 32), ഷാരുഖ് ഖാന്‍ (20 പന്തില്‍ 24) നിര്‍ണായക സംഭാവന നല്‍കി.
നേരത്തെ നായകൻ ഫാഫ് ഡുപ്ലെസിയിയുടെ 88 റൺസ് പ്രകടനത്തിന്റെ മികവിലാണ് ബാംഗ്ലൂർ 205 എന്ന കൂറ്റൻ സ്കോറിലെത്തിയത്. വിരാട് കോലിയും (41), ദിനേശ് കാര്‍ത്തികും (14 പന്തില്‍ 32) മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ധവാൻ-മായങ്ക് ഓപ്പണിങ് സഖ്യത്തിന്റെ ബലത്തിൽ 71 റൺസെടുത്തു. എന്നാല്‍ മായങ്കിനെ പുറത്താക്കി വാനിന്ദു ഹസരങ്ക ആര്‍സിബിക്ക് ബ്രേക്ക് ത്രൂ നല്‍കി. മൂന്നാമനായി ക്രീസിലെത്തിയ രജപക്‌സ മികച്ച ഷോട്ടുകളിലൂടെ സ്കോറിങ് വേഗത ഉയർത്തി.
മൂന്നാം വിക്കറ്റിൽ ഈ സഖ്യം 47 റൺസ് കൂട്ടിചേർത്തു. തുടർന്ന്
ടീം ടോട്ടലിനോട് 21 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ പഞ്ചാബിന് രണ്ട് വിക്കറ്റ് നഷ്ടമായി. രജപക്‌സയേയും രാജ് ബാവയേയും (0) അടുത്തടുത്ത പന്തുകളില്‍ മുഹമ്മദ് സിറാജ് പവലിയനിലേക്കെത്തിച്ചു. 14.5 ഓവറില്‍ അഞ്ചിന് 165 എന്ന നിലയിലേക്ക് പഞ്ചാബ് വീണതോടെ ബാംഗ്ലൂർ വിജയപ്രതീക്ഷ പുലർത്തിയെങ്കിലും തുടർന്ന് ക്രീസിൽ ഒന്നിച്ച സ്മിത്ത്-ഷാരൂഖ് സഖ്യം വിജയം പൂർത്തിയാക്കുകയായിരുന്നു.
നാല് ഓവറില്‍ 52 റണ്‍സ് വിട്ടുകൊടുത്തതിനുള്ള പ്രായശ്ചിത്തം കൂടിയായിരുന്നു ഒഡെയ്‌ൻ സ്മിത്തിന്റെ ബാറ്റിങ് പ്രകടനം. എട്ട് പന്തിൽ നിന്നും 25 റൺസ് അടിച്ചെടുത്ത സ്മിത്ത് മത്സരം ബാംഗ്ലൂരിന്റെ കയ്യിൽ നിന്നും പിടിച്ചുവാങ്ങുകയായിരുന്നു. ഒരു ഓവർ ബാക്കി നിൽക്കെയാണ് ബാംഗ്ലൂരിനെതിരെ പഞ്ചാബിന്റെ വിജയം.