ഗോൾഡ ഡിസൂസ|
Last Modified വെള്ളി, 29 നവംബര്‍ 2019 (18:19 IST)
സഞ്ജു സാംസണും റിഷഭ് പന്തിനും ഇനിയുള്ളത് അഗ്നിപരീക്ഷയാണ്. ലഭിക്കുന്ന അവസരങ്ങളിൽ പലതും പ്രയോജനപ്പെടുത്താൻ കഴിയാതെ പതറുന്ന പന്തിനെ ക്രീസിൽ പലതവണ കണ്ടിട്ടുണ്ട്. സഞ്ജു സാംസണിനു ടീമിൽ ഇടം പിടിക്കാൻ അവസരം ലഭിച്ചിട്ടും ബാറ്റ് വീശാനോ കീപ്പറാകാനോ സാഹചര്യം ഒത്തുവന്നിട്ടില്ല. ഇത്തവണ അതിനൊരു അറുതി വരുമെന്ന് തന്നെയാണ് ഏവരും വിശ്വസിക്കുന്നത്.
കിട്ടുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താതെ പാഴാക്കിയാൽ രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിനെ കുറിച്ച് മഹേന്ദ്രസിങ് ധോണി ചിന്തിച്ചേക്കാമെന്ന് മുന്‍ ഇന്ത്യൻ താരം വി.വി.എസ്. ലക്ഷ്മൺ പറയുന്നു. വിരമിക്കലിനെ പറ്റി ജനുവരി വരെയും ചോദ്യങ്ങൾ ചോദിക്കരുതെന്ന് ധോണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ലക്ഷ്മണിന്റെ നിരീക്ഷണം.
തനിക്കു പകരക്കാരായി വരുന്ന വിക്കറ്റ് കീപ്പർമാർ അവസരങ്ങൾ പ്രയോജനപ്പെടുത്തി മികവു കാട്ടുന്നുണ്ടോ എന്ന് ക്ഷമയോടെ കാത്തിരിക്കുകയാണ് ധോണിയെന്നും ലക്ഷമൺ പറയുന്നു. അടുത്ത ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായി മികച്ച പ്രകടനം പുറത്തെടുക്കാനായാൽ ഇന്ത്യൻ ടീമിലേക്കുള്ള ധോണിയുടെ മടങ്ങിവരവ് എളുപ്പമാകും.
അതോടൊപ്പം, പന്തിനും ലക്ഷ്മൺ ഒരു മുന്നറിയിപ്പ് നൽകുന്നുണ്ട്. സെലക്ടർമാർ തന്നിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസം പൂർണമായും ഇത്തവണയെങ്കിലും കാത്തു സംരക്ഷിച്ചില്ലെങ്കിൽ പന്തിന്റെ ഭാവി തുലാസിലാകാം സാധ്യതയുണ്ട്. സൂക്ഷിച്ചില്ലെങ്കിൽ ആ സ്ഥാനം സഞ്ജു കൈപ്പിടിയിൽ ഒതുക്കിയേക്കാമെന്നും ലക്ഷ്മൺ പറയുന്നു.
ഇക്കഴിഞ്ഞ ഏകദിന ലോകകപ്പ് സെമിയിൽ ഇന്ത്യ ന്യൂസീലൻഡിനോടു തോറ്റതിനു ശേഷം നീണ്ട അവധിയിലാണ് ധോണി. ധോണിയുടെ വിരമിക്കലിനെ പറ്റി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.