ധോണി രക്ഷിച്ചു; തരക്കേടില്ലാത്ത സ്കോറുമായി ഇന്ത്യ

ഇൻഡോർ| VISHNU N L| Last Modified ബുധന്‍, 14 ഒക്‌ടോബര്‍ 2015 (18:21 IST)
ബാറ്റിങ് മെല്ലെപ്പോക്കിന് കടുത്ത വിമർശനം നേരിട്ട നായകൻ മഹേന്ദ്ര സിങ് ധോണി തകര്‍പ്പന്‍ പെര്‍ഫോമന്‍സില്‍ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഭേദപ്പെട്ട സ്കോര്‍. ധോണിയുടെ പെര്‍ഫോമന്‍സില്‍ നേടിയെടുത്തത് ഇന്ത്യ 50 ഓവറിൽ ഒൻപതു വിക്കറ്റിന് 247.
ഉത്തരവാദിത്തരഹിതമായ ബാറ്റിങ്ങിലൂടെയും അലക്ഷ്യമായി വിക്കറ്റുകൾ വലിച്ചെറിഞ്ഞും മുൻനിരയും മധ്യനിരയും സൃഷ്ടിച്ച പ്രതിസന്ധിക്ക് വാലറ്റത്തെ കൂട്ടുപിടിച്ച് നായകൻ ധോണി ടീമിനെ കരയ്ക്കടുപ്പിക്കുകായിരുന്നു.

പൊരുതി നേടിയ സെഞ്ചുറിയോളം വിലയുള്ള അർധസെഞ്ചുറി (പുറത്താകാതെ 92)യാണ് ഇന്ത്യയുടെ നട്ടെല്ലായിതീര്‍ന്നിരിക്കുന്നത്. ഏതായാലും ബാറ്റിംഗിലെ മെല്ലെപ്പോക്കിന് കേട്ട ചീത്ത വിളികള്‍ക്ക് മധുരമായ മറുപടിയാണ് ധോണി നല്‍കിയിരിക്കുന്നത്. ധോണിക്ക് പുറമെ അജിങ്ക്യ രഹാനെയും (51) അർധസെഞ്ചുറി നേടി. ധോണി സെഞ്ചുറി തികയ്ക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. അവസാന ഓവറിലെ ആദ്യ അഞ്ചു ബോളുകളിലും റൺസെടുക്കാൻ ധോണിക്കായില്ല. ഒടുവിൽ ഇന്നിങ്സിലെ അവസാന പന്ത് സിക്സിന് പറത്തിയാണ് ധോണി വ്യക്തിഗത സ്കോർ 92ൽ എത്തിച്ചത്.

മൽസരത്തിലാകെ രണ്ടു അർധസെഞ്ചുറി കൂട്ടുകെട്ട് മാത്രമാണ് ഇന്ത്യയ്ക്ക് സൃഷ്ടിക്കാനായത്. മികച്ച കൂട്ടുകെട്ടുകൾ തീർക്കുന്നതിൽ പരാജയപ്പെട്ട ഇന്ത്യയുടെ മുൻനിര, മധ്യനിര ബാറ്റ്സ്മാൻമാരും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ കണ്ടെത്തിയ ദക്ഷിണാഫ്രിക്കൻ ബോളർമാരുമാണ് ഇന്ത്യയെ താരതമ്യേന ചെറിയ സ്കോറിൽ ഒതുക്കിയത്.
രോഹിത് ശർമ തുടക്കത്തിൽത്തന്നെ പുറത്താകുന്നത് കണ്ടുകൊണ്ടായിരുന്നു ഇന്ത്യൻ ഇന്നിങ്സിന്റെ തുടക്കം. തുടർന്ന് അജിങ്ക്യ രഹാനെയെ കൂട്ടുപിടിച്ച് അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ശിഖർ ധവാൻ ഇന്ത്യയെ 50 കടത്തിയെങ്കിലും പിന്നാലെ ധവാൻ വീണു.

പിന്നാലെ, ഇല്ലാത്ത റണ്ണിനോടി കോഹ്‌ലിയും (18 പന്തിൽ 12) പിന്നാലെ തുടർച്ചയായ രണ്ടാം അർധ സെഞ്ചുറി കുറിച്ച രഹാനെയും (63 പന്തിൽ 51) പുറത്തായതോടെ ഇന്ത്യ പതറി. റെയ്ന (0), അക്ഷർ പട്ടേൽ (13) എന്നിവരും പെട്ടെന്നുതന്നെ കൂടാരം കയറി. ഏഴാം വിക്കറ്റിൽ ഭുവനേശ്വർ കുമാറുമൊത്ത് 41 റൺസിന്റെ കൂട്ടുകെട്ട് തീർത്ത ധോണിയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ഭുവനേശ്വർ കുമാർ പുറത്തായതിനെ തുടർന്ന് ക്രീസിലെത്തിയ ഹർഭജനൊപ്പം 56 റൺസിന്റെ കൂട്ടുകെട്ട് തീർത്ത ധോണി ഇന്ത്യയെ പൊരുതാവുന്ന നിലയിലെത്തിച്ചു.

ദക്ഷിണാഫ്രിക്കയ്ക്കായി സ്റ്റെയിൻ മൂന്നും മോണി മോർക്കൽ, ഇമ്രാൻ താഹിർ എന്നിവർ രണ്ടും റബഡ ഒരു വിക്കറ്റും വീഴ്ത്തി. നിലവില്‍ മറുപടി ബാറ്റിംഗിനിറങ്ങിയ 10 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സ് എന്ന നിലയിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :