ഇന്ത്യയില്‍ സ്വാതന്ത്ര്യം അപകടത്തില്‍: പാക് ദിനപത്രം..!

ന്യൂഡൽഹി| VISHNU N L| Last Modified ബുധന്‍, 14 ഒക്‌ടോബര്‍ 2015 (14:17 IST)
ദാദ്രി സംഭവവും, പാക് ഗായകന്‍ ഗുലാം അലിയുടെ സംഗീത പരിപാടിക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളും ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ സ്വാതന്ത്ര്യം അപകടത്തിലാണെന്ന് വിമര്‍ശിച്ചുകൊണ്ട് പാക് ദിനപത്രം ഡോണിന്റെ മുഖപ്രസംഗം.
‘ഇന്ത്യയിലെ അസഹിഷ്ണുത’ എന്ന പേരിലാണ് ഡോൺ മുഖപ്രസംഗം എഴുതിയിരിക്കുന്നത്.

ആശങ്ക ഉണർത്തുന്ന സാഹചര്യമാണ് ഇന്ത്യയിലേത്. പാകിസ്ഥാൻ സംബന്ധമായ എന്തിനെയും ഭയപ്പെടുത്തുന്ന നിലപാടാണ് അവിടെ. പാക് ഗായകൻ ഗുലാം അലിയുടെ മുംബൈയിലെ പരിപാടിക്കെതിരായ ശിവസേനയുടെ പ്രതിഷേധവും മുൻ പാക്ക് വിദേശകാര്യമന്ത്രി ഖുർഷിദ് കസൂരിയുടെ പുസ്തകപ്രകാശന ചടങ്ങിന്റെ സംഘാടകൻ സുധീന്ദ്ര കുൽക്കർണിയുടെ മുഖത്ത് കരിമഷി ഒഴിച്ചതും ഇതിനുദ്ദാഹരണമാണ്.

നാനാത്വത്തിലെ ഏകത്വത്തിലുമുള്ള പ്രതിബദ്ധത എന്താണെന്ന് വീണ്ടും വ്യക്തമാക്കേണ്ടതുണ്ട്. വർഗീയതയ്ക്കും അടിച്ചമർത്തലുകൾക്കുമെതിരെ അഭിപ്രായം പ്രകടിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം പോലുമിവി‌ടെയില്ലെന്നും മുഖപ്രസംഗത്തിൽ പറയുന്നു. സ്വാതന്ത്ര്യത്തിനു തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ് ഇന്ത്യയിലെ സ്ഥിതി വിശേഷങ്ങളെന്നും ഡോണ്‍ ചൂണ്ടിക്കാട്ടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :