രേണുക വേണു|
Last Modified തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (08:40 IST)
Cyber Attack against Arshdeep Singh: ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ നിര്‍ണായക ക്യാച്ച് നഷ്ടപ്പെടുത്തിയ ഇന്ത്യന്‍ താരം അര്‍ഷ്ദീപ് സിങ്ങിനെതിരെ സൈബര്‍ ആക്രമണം. മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ഇന്ത്യ തോല്‍വി വഴങ്ങി. അര്‍ഷ്ദീപ് കൈവിട്ട ക്യാച്ചാണ് തോല്‍വിയില്‍ നിര്‍ണായകമായതെന്നാണ് വിമര്‍ശനം. സോഷ്യല്‍ മീഡിയയില്‍ താരത്തിനെതിരെ വ്യാപക സൈബര്‍ ആക്രമണമാണ് നടക്കുന്നത്.
അര്‍ഷ്ദീപിന്റെ കുടുംബത്തെ വരെ കടന്നാക്രമിക്കുകയാണ് സോഷ്യല്‍ മീഡിയ. അര്‍ഷ്ദീപിനെ ഖാലിസ്ഥാനി എന്നു വിളിച്ച് പോലും ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടു. അര്‍ഷ്ദീപ് വില്ലനാണ് എന്ന തരത്തിലും നിരവധി ട്വീറ്റുകള്‍ ഉണ്ട്. അതേസമയം, ചില പാക്കിസ്ഥാനി ഹാന്‍ഡിലുകളാണ് ഈ സൈബര്‍ ആക്രമണത്തിനു പിന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
രവി ബിഷ്ണോയ് എറിഞ്ഞ 18-ാം ഓവറിലെ മൂന്നാം പന്തിലാണ് അര്‍ഷ്ദീപ് ക്യാച്ച് വിട്ടത്. അനായാസം കൈപിടിയിലൊതുക്കാവുന്ന പന്ത് അര്‍ഷ്ദീപിന്റെ കൈക്കിടയിലൂടെ ചോര്‍ന്നു. 16 പന്തില്‍ 31 റണ്‍സായിരുന്നു ഈ സമയത്ത് പാക്കിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. മാത്രമല്ല ആസിഫ് അലി റണ്‍സൊന്നും എടുക്കാതെ ക്രീസില്‍ നില്‍ക്കുകയായിരുന്നു. അര്‍ഷ്ദീപ് ക്യാച്ച് നഷ്ടപ്പെടുത്തിയത് പിന്നീട് ആസിഫ് അലി പ്രയോജനപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. എട്ട് പന്തില്‍ രണ്ട് ഫോറും ഒരു സിക്സും സഹിതം 16 റണ്‍സാണ് ആസിഫ് അലി നേടിയത്. ഇത് പാക്കിസ്ഥാന്റെ ജയത്തില്‍ നിര്‍ണായകമായി.