ധോണി സൈനിക സേവനത്തിന്; വിന്‍ഡീസ് പര്യടനത്തിന് താരമില്ല

 dhoni , team india , kohli , pant , ധോണി , വൃദ്ധിമാന്‍ സാഹ , ഋഷഭ് പന്ത് , കോഹ്‌ലി
മുംബൈ| Last Updated: ശനി, 20 ജൂലൈ 2019 (16:03 IST)
ആശങ്കകള്‍ക്ക് താല്‍‌ക്കാലിക വിശ്രമം, വെസ്‌റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ സൂപ്പര്‍‌താരം മഹേന്ദ്ര സിംഗ് ധോണി കളിക്കില്ല. തന്നെ ഒഴിവാക്കണമെന്ന് സെലക്ഷന്‍ കമ്മിറ്റിയോട് ധോണി ആവശ്യപ്പെട്ടതോടെയാണ് താരം ടീമില്‍ ഉണ്ടാകില്ലെന്ന് വ്യക്തമായത്.

ധോണിയുടെ അഭാവത്തില്‍ യുവതാരം ഋഷഭ് പന്ത് ടെസ്റ്റ്, ഏകദിന, ട്വന്റി ട്വന്റി പരമ്പരകളില്‍ വിക്കറ്റ് കീപ്പറായേക്കും.രണ്ടാം വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ സാഹയേയോ ശ്രീകര്‍ ഭരതിനെയോ ഉള്‍പ്പെടുത്തിയേക്കും.

രണ്ടു മാസത്തെ വിശ്രമമാണ് ധോണി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സമയം സൈന്യത്തിന്റെ കൂടെ ചെലവഴിക്കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. സൈന്യത്തില്‍ പാരച്ച്യൂട്ട് റെജിമെന്റിലെ ലഫ്റ്റനന്റ് കേണലാണ് ധോണി.

രണ്ട് മാസം സൈന്യത്തിനൊപ്പം ചേരാൻ തീരുമാനിക്കുമ്പോൾ ധോണി എന്താണ് ലക്ഷ്യം വയ്ക്കുന്നതെന്ന് വ്യക്തമല്ല. എന്നാൽ പര്യടനത്തിൽ നിന്ന് മാറി നിൽക്കാനുള്ള ധോണിയുടെ തീരുമാനവും റിട്ടയർമെന്റുമായി ചേർത്തു വായിക്കേണ്ടെന്നും ചീഫ് സെലക്ടർ എംഎസ് കെ. പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.

തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിക്കുന്നത് പരിഗണിച്ച് ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവര്‍ക്ക് ഏകദിനത്തിലും ട്വന്റി–20യിലും വിശ്രമം നല്‍കാനിടയുണ്ട്. ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, ഖലീല്‍ അഹമ്മദ് തുടങ്ങിയ യുവതാരങ്ങള്‍ക്ക് അവസരം ലഭിച്ചേക്കും. വിരാട് കോഹ്‌ലിയാകും ടീം ക്യാപ്‌റ്റന്‍.

അതേസമയം, ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച ആശങ്കകള്‍ തുടരുകയാണ്. ക്രിക്കറ്റ് മതിയാക്കുന്ന കാര്യത്തില്‍ താരം ഇതുവരെ നയം വ്യക്തമാക്കിയിട്ടില്ല.

ധോണി വിരമിക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചിട്ടില്ലെന്നും കുറച്ചു നാള്‍ കൂടി അദ്ദേഹം ടീമിന്റെ ഭാഗമായി തുടര്‍ന്നേക്കുമെന്ന് ദീര്‍ഘകാല സുഹൃത്തായ അരുണ്‍ പാണ്ഡെ വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :