അഭിറാം മനോഹർ|
Last Modified തിങ്കള്‍, 8 ജൂലൈ 2024 (15:23 IST)
ടി20 ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ ക്രിക്കറ്റിലെ ഷോര്‍ട്ടര്‍ ഫോര്‍മാറ്റായ ടി20 ക്രിക്കറ്റില്‍ നിന്നും ഇന്ത്യയുടെ സീനിയര്‍ താരങ്ങളായ വിരാട് കോലി- രോഹിത് ശര്‍മ എന്നിവര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഏകദിനത്തിലും ടെസ്റ്റിലും മാത്രമാകും ഇതോടെ ഇന്ത്യയ്ക്കായി സീനിയര്‍ താരങ്ങള്‍ കളിക്കുക. സീനിയര്‍ താരങ്ങളായ ഇരുവരും വിരമിക്കലിന് അടുത്തായതിനാല്‍ തന്നെ എത്രകാലം ഇവര്‍ ടീമില്‍ തുടരുമെന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും രോഹിത് തന്നെയാകും ഇന്ത്യയുടെ നായകനെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബിസിസിഐ സെക്രട്ടറിയായ ജയ് ഷാ.
അടുത്ത ഫെബ്രുവരിയില്‍ പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലും ജൂണില്‍ നടക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും രോഹിത് തന്നെയാകും ഇന്ത്യയെ നയിക്കുക എന്നതാണ് ജയ് ഷാ വ്യക്തമാക്കിയത്. ഇതോടെ ഏകദിന ഫോര്‍മാറ്റിലാകും ചാമ്പ്യന്‍സ് ട്രോഫി നടക്കുക എന്നത് വ്യക്തമായി. അതേസമയം ഒക്ടോബറില്‍ ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിന് മുന്നോടിയായി നടക്കുന്ന ടി20 പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യയുടെ പുതിയ ടി20 നായകനെ പ്രഖ്യാപിച്ചേക്കും. ടി20 ലോകകപ്പില്‍ ഉപനായകനായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ തന്നെയാകും ഇന്ത്യന്‍ നായകനാവുക എന്നാണ് വിലയിരുത്തന്‍. ടി20 ലോകകപ്പോടെ സ്ഥാനമൊഴിഞ്ഞ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് പകരം പുതിയ കോച്ചിനെയും ബിസിസിഐയ്ക്ക് കണ്ടേത്തേണ്ടതുണ്ട്. ശ്രീലങ്കന്‍ പര്യടനത്തോടെയാകും പുതിയ പരിശീലകന്‍ ചുമതലയേല്‍ക്കുക.