അഭിറാം മനോഹർ|
Last Modified ബുധന്‍, 3 ജൂലൈ 2024 (14:17 IST)
അടുത്ത വര്‍ഷത്തെ ഐപിഎല്‍ മെഗാതാരലേലത്തിന് മുന്നോടിയായി ഓരോ ടീമുകള്‍ക്കും നിലനിര്‍ത്താവുന്ന താരങ്ങളുടെ എണ്ണം അഞ്ച് മുതല്‍ 7 വരെയാക്കണമെന്ന ആവശ്യവുമായി ടീമുകള്‍. ഈ മാസം അവസാനം ഐപിഎല്‍ ടീമുകളുടെ സിഇഒമാരുമായി
ബിസിസിഐ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് ടീമുകള്‍ ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചതെന്ന് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മെഗാതാരലേലത്തില്‍ ഓരോ ടീമിനും നിലനിര്‍ത്താനാവുന്ന പരമാവധി താരങ്ങളുടെ എണ്ണം അഞ്ച് മുതല്‍ 7 ആക്കണമെന്നാണ് ഭൂരിഭാഗം ടീമുകളും ആവശ്യപ്പെട്ടത്. ഇമ്പാക്ട് പ്ലെയര്‍ നിയമത്തെ പറ്റി വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും ഒരു സീസണ്‍ കൂടി നിയമം തുടരാനാണ് സാധ്യത. ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ, വിരാട് കോലി മുതലായ താരങ്ങളെല്ലാം തന്നെ ഇമ്പാക്ട് പ്ലെയര്‍ നിയമത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഇത് ഓള്‍റൗണ്ടര്‍മാര്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമാകുമെന്നാണ് താരങ്ങളുടെ പ്രധാനവിമര്‍ശനം.
മെഗാതാരലേലത്തില്‍ നിലവില്‍ 100 കോടി രൂപയാണ് ടീമുകള്‍ക്ക് പരമാവധി ചെലവഴിക്കാനാവുക. ഇത് ഉയര്‍ത്തി 120 കോടിയാക്കണമെന്ന ആവശ്യവും ടീമുകള്‍ക്കുണ്ട്.ബിസിസിഐയും ഫ്രാഞ്ചൈസികളുടെ സിഇഒമാരും തമ്മില്‍ ഈ മാസം അവസാനം നടത്തുന്ന കൂടിക്കാഴ്ചയിലായിരിക്കും ലേലത്തിലെ മാനദണ്ഡങ്ങള്‍ സംബന്ധിച്ചുള്ള അന്തിമ തീരുമാനമുണ്ടാവുക.