അഭിറാം മനോഹർ|
Last Modified ഞായര്‍, 31 മാര്‍ച്ച് 2024 (12:21 IST)
ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിലെ തോല്‍വികളോടെ ക്രിക്കറ്റില്‍ വലിയ പ്രതിസന്ധിയിലേക്ക്ക് കൂപ്പുകുത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ്. ഏകദിന ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളിലെയും നായകസ്ഥാനത്ത് നിന്ന് പാക് സൂപ്പര്‍ താരം ബാബര്‍ അസം പിന്മാറിയിരുന്നു. നിലവില്‍ ടെസ്റ്റില്‍ ഷാന്‍ മസൂദും ലിമിറ്റഡ് ഓവറില്‍ ഷഹീന്‍ അഫ്രീദിയുമാണ് പാക് നായകന്മാര്‍. എന്നാല്‍ ബാബര്‍ അസം നായകസ്ഥാനത്ത് നിന്ന് മാറിയ ശേഷം കാര്യമായ പുരോഗതിയൊന്നും നേടാന്‍ പാക് ടീമിനായിട്ടില്ല.
ഷഹീന്‍ അഫ്രീദി നായകനായതിന് ശേഷം ന്യൂസിലന്‍ഡിനെതിരെ നടന്ന അഞ്ച് ടി20 മത്സരങ്ങളടങ്ങിയ പരമ്പര 41നാണ് പാകിസ്ഥാന്‍ പരാജയപ്പെട്ടത്. ഇതോടെ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ബാബര്‍ അസമിനെ തന്നെ നായകസ്ഥാനത്തേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് പാക് ക്രിക്കറ്റ് ബോര്‍ഡ്. ലോകകപ്പില്‍ മാത്രം നായകനാകാനാണ് ബാബര്‍ അസമിനെ പാക് ക്രിക്കറ്റ് ബോര്‍ദ് പരിഗണിക്കുന്നത്. എന്നാല്‍ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലെയും നായകസ്ഥാനം തിരിച്ചുവേണമെന്ന ആവശ്യമാണ് ഇപ്പോള്‍ ബാബര്‍ അസം ഉയര്‍ത്തിയിട്ടുള്ളത്.
ടി20യില്‍ നായകനാകണമെങ്കില്‍ തന്നെ 3 ഫോര്‍മാറ്റിലും നായകനാക്കണമെന്ന ബാബര്‍ അസമിന്റെ തീരുമാനമാണ് ഇപ്പോള്‍ പാകിസ്ഥാനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഷഹീന്‍ അഫ്രീദിയോട് കൂടിക്കാഴ്ച നടത്താതെയാണ് ബാബറുമായി പാക് ക്രിക്കറ്റ് ബോര്‍ഡ് ബന്ധപ്പെട്ടിട്ടുള്ളത് എന്നതും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നുണ്ട്. അതേസമയം ടി20 ലോകകപ്പിനായി മുന്‍ പാക് താരമായ മുഹമ്മദ് ആമിറിനെ തിരിച്ചെത്തിച്ചത് ഷഹീന്‍ അഫ്രീദിയാണ്. ഇമാദ് വസീം, മുഹമ്മദ് ആമിര്‍ എന്നിവരെ ടീമിനൊപ്പം നിര്‍ത്താനുള്ള ശ്രമങ്ങളിലാണ് ഷഹീന്‍ അഫ്രീദി. ഇതിനിടയിലാണ് ക്യാപ്റ്റന്‍സി സംബന്ധിച്ച വിവാദങ്ങള്‍ പാക് ക്രിക്കറ്റിലെ വലയ്ക്കുന്നത്.