കംഗാരുക്കള്‍ക്ക് വിജയം ലങ്കന്‍ സിംഹങ്ങള്‍ പൊരുതിതോറ്റു

സിഡ്‌നി| VISHNU| Last Modified ഞായര്‍, 8 മാര്‍ച്ച് 2015 (18:23 IST)
ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയയ്ക്ക് ശ്രീലങ്കയ്ക്കെതിരെ 64 റണ്‍ശിന്റെ വിജയം. ഉയര്‍ത്തിയ 377 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കന്‍ ഇന്നിംഗ്സ് 46.2 ഓവറില്‍ 312 റണ്‍സിന് അവസാനിക്കുകയായിരുന്നു. ഒരുഘട്ടത്തില്‍ ലങ്ക ഓസ്ട്രേലിയന്‍ ലക്ഷ്യത്തെ ലങ്ക മറികടക്കുമെന്ന് തോന്നിയെങ്കിലും ഓസീസ് ബൗളര്‍മാര്‍ അവസാന ഓവറുകളില്‍ മല്‍സരം കൈവിട്ടില്ല. കൂട്ടത്തില്‍ മികച്ച ഫോമില്‍ കളിച്ചിരുന്ന ചന്ദിമാല്‍ പരിക്കേറ്റ് പുറത്തുപോയത് ലങ്കയ്ക്ക് തിരിച്ചടിയായി.

റണ്‍സൊഴുകിയ മല്‍സരത്തില്‍ ഗ്ലെന്‍ മാക്സ്‌വെല്ലിന്റെ(52 പന്തില്‍ 102) കന്നിസെഞ്ചുറിയുടെ മികവിലാണ് ഓസ്ട്രേലിയ കൂറ്റന്‍ വിജയലക്ഷയ്ം പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടൂ.
സ്കോര്‍ അഞ്ചില്‍നില്‍ക്കെ ഒരു റണ്‍സെടുത്ത തിരിമണ്ണെയുടെ വിക്കറ്റ് നഷ്ടമായി. എന്നാല്‍ തിരിച്ചടിയില്‍ പതറാതെ കുമാര്‍ സംഗകാരയും, ദില്‍‌ഷനും, ചന്ദിമാലും ലങ്കയെ മികച്ച നിലയിലെത്തിച്ചു. . ഈ ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം സെഞ്ചുറിയാണ് (104) സംഗക്കാര നേടിയത്. മറ്റുള്ളവര്‍ അര്‍ധ സെഞ്ചുറികള്‍ കൊണ്ട് കളത്തില്‍ നിറഞ്ഞുനിന്നു. ദില്‍ഷനും സംഗകാരയും ചേര്‍ന്ന് ഓസീസ് ബൗളര്‍മാര്‍ക്ക് മേല്‍ സമ്പൂര്‍ണ ആധിപത്യമാണ് പുലര്‍ത്തിയത്. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 130 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 64 റണ്‍സെടുത്ത ദില്‍ഷനും 19 റണ്‍സെടുത്ത ജയവര്‍ദ്ധനെയും അടുത്തടുത്ത് പുറത്തായത് ലങ്കയ്ക്ക് കനത്ത തിരിച്ചടിയായി. അതിനുപിന്നാലെ സെഞ്ചുറി തികച്ച സംഗകാരയും വന്‍ഷോട്ടിന് ശ്രമിച്ച് പുറത്തുപോയി.

എന്നാല്‍ ലങ്കന്‍ നായകന്‍ മാത്യൂസും ചന്ദിമാലും ചേര്‍ന്ന് കാളി തിരിച്ചുപിടിച്ചു. ഓസീസ് ബൌളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് ഇവര്‍ ലങ്കയുടെ വിജയ പ്രതീക്ഷകള്‍ക്ക് മാറ്റുകൂട്ടി. അതിനിടെ നാല്‍പ്പത്തിരണ്ടാമത്തെ ഓവറില്‍ എല്ലാ പ്രതീക്ഷകളും തകിടംമറിച്ച് ചന്ദിമാല്‍ പരിക്കേറ്റ് പുറത്തായി. 24 പന്തില്‍ എട്ടു ബൗണ്ടറിയും ഒരു സിക്സറും ഉള്‍പ്പടെ 52 റണ്‍സെടുത്ത് ഓസീസിനു ഭീഷണി ഉയര്‍ത്തിയ ചന്ദിമാല്‍ പുറത്തായത് ഓസ്ട്രേലിയയ്ക്ക് മുതല്‍കൂട്ടായി. പിന്നീട് ആര്‍ക്കും ഓസ്ട്രേലിയന്‍ ബൌളിംഗിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. അങ്ങനെ ഒരുഘട്ടത്തില്‍ പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്ന് കരുതിയ മത്സരത്തില്‍ ഓസീസ് ജയിക്കുകയായിരുന്നു.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ കന്നി സെഞ്ചുറി പിറന്ന മത്സരത്തില്‍ ഓസ്‍ട്രേലിയ 376 റണ്‍സാണ് എടുത്തത്.
51 പന്തില്‍ നിന്നാണ് മാക്‌സ്‌വെല്ലിന്റെ സെഞ്ച്വറി. ഫിഞ്ച് 24 റണ്‍സും വാര്‍ണര്‍ ഒമ്പതും റണ്‍സ് മാത്രമെടുത്തു പുറത്തായി. എന്നാല്‍ പിന്നീട് വന്ന സ്‍മിത്തും ക്ലാര്‍ക്കും അര്‍ദ്ധ സെഞ്ച്വറി പ്രകടനവുമായി ഓസ്‍ട്രേലിയയുടെ സ്‍കോര്‍ ഉയര്‍ത്തി. സ്‍മിത്ത് 72ഉം ക്ലാര്‍ക്ക് 68ഉം റണ്‍സാണ് എടുത്തത്. ഇവര്‍ക്കു ശേഷമെത്തിയ മാക്‌സ്‌വെല്‍ തകര്‍ത്താടാന്‍ തുടങ്ങിയപ്പോള്‍ ഓസ്‍ട്രേലിയയുടെ സ്‍കോറിന്റെ വേഗം കൂടി. 53 പന്തുകളില്‍ നിന്ന് നാല് സിക്‌സറുകളും 10 ഫോറുകളും ഉള്‍പ്പടെ 102 റണ്‍സാണ് മാക്‌സ്‌വെല്‍ എടുത്തത്. വാട്‍സണ്‍ 67 റണ്‍സ് എടുത്തു. അഞ്ചാം വിക്കറ്റില്‍ മാക്സ്‌വെലും വാട്ട്സനും ചേര്‍ന്ന് വെറും 82 പന്തില്‍നിന്ന് 170 റണ്‍സാണ് അടിച്ചുകൂട്ടിയത്.
ശ്രീലങ്കയ്‍ക്കു വേണ്ടി മലിംഗയും പെരേരെയും രണ്ടു വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.

കന്നിസെഞ്ചുറിയുമായി ഓസീസ് വിജയത്തില്‍ നിര്‍ണായകപങ്ക് വഹിച്ച ഗ്ലെന്‍ മാക്സ്‌വെല്ലാണ് കളിയിലെ കേമന്‍. ഈ ജയത്തോടെ അഞ്ചു മല്‍സരങ്ങളില്‍നിന്ന് ഏഴ് പോയിന്റുമായി പൂള്‍ ബിയില്‍ രണ്ടാം സ്ഥാനത്താണ് ഓസ്ട്രേലിയ. ഓസ്ട്രേലിയ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പാക്കിയിട്ടുണ്ട്. തോറ്റെങ്കിലും ആറുപോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കയുടെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :