അഭിറാം മനോഹർ|
Last Modified ചൊവ്വ, 12 നവംബര്‍ 2024 (13:59 IST)
ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിലെ തകര്‍പ്പന്‍ പ്രകടനത്തോടെ റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ച് അഫ്ഗാന് താരം റഹ്മാനുള്ള ഗുര്‍ബാസ്. മത്സരത്തില്‍ സെഞ്ചുറി സ്വന്തമാക്കിയ താരം ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ 8 സെഞ്ചുറികള്‍ നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന നേട്ടമാണ് സ്വന്തമാക്കിയത്. ഇതിഹാസതാരം സച്ചിന് ടെന്‍ഡുല്‍ക്കര്‍, ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി, പാക് സൂപ്പര്‍ താരമായ ബാബര്‍ അസം എന്നിവരെയാണ് ഗുര്‍ബാസ് മറികടന്നത്.
ഗുര്‍ബാസിന്റെ സെഞ്ചുറിക്കൊപ്പം അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ അസ്മത്തുല്ല ഒമര്‍സായിയുടെ
പ്രകടനവും അഫ്ഗാന് നിര്‍ണായകമായി. മൂന്നാം ഏകദിനത്തിലെ വിജയത്തോടെ കൂടി പരമ്പര സ്വന്തമാക്കാന്‍ അഫ്ഗാനായി. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ 244 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാന് 10 പന്തും 5 വിക്കറ്റും ശേഷിക്കെയാണ് വിജയം സ്വന്തമാക്കിയത്. ഇതോടെ ആദ്യ ഏകദിനം വിജയിച്ചിരുന്ന അഫ്ഗാന് 2-1ന് പരമ്പര സ്വന്തമാക്കി.
ഇന്നലെ ബംഗ്ലാദേശിനെതിരെ എട്ടാം സെഞ്ചുറി കുറിക്കുമ്പോള്‍ 22 വര്‍ഷവും 349 ദിവസവുമാണ് ഗുര്‍ബാസിന്റെ പ്രായം. 22 വര്‍ഷവും 312 ദിവസവും പ്രായമുള്ളപ്പോള്‍ 8 സെഞ്ചുറികള്‍ കുറിച്ച ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്കാണ് പട്ടികയില്‍ ഒന്നാമതുള്ളത്. 22 വര്‍ഷവും 357 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു സച്ചിന് ടെന്‍ഡുല്‍ക്കറുടെ എട്ടാം സെഞ്ചുറി.
23 വര്‍ഷവും 27 ദിവസവും പ്രായമുള്ളപ്പോഴാണ് കോലി ഈ നേട്ടത്തിലെത്തിയതെങ്കില്‍ 23 വര്‍ഷവും 280 ദിവസവും ആയി നില്‍ക്കെയായിരുന്നു പാക് താരമായ ബാബര്‍ അസമിന്റെ നേട്ടം.