ശ്രീശാന്ത് നൂറ് ശതമാനവും നിരപരാധി; വിന്ദുധാരാ സിംഗ്

മുംബൈ| WEBDUNIA|
PTI
ശ്രീശാന്ത് നിരപരാധിയാണെന്ന് ഐപി‌എല്‍ വിവാദത്തില്‍പ്പെട്ട ബോളിവുഡിലെ വിവാദ നടന്‍ വിന്ദുധാരാ സിംഗ്. സീ ടിവി ചാനല്‍ റിപ്പോര്‍ട്ടര്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് ശ്രീശാന്ത് നിരപരാധിയാണെന്ന് വിന്ദു വെളിപ്പെടുത്തിയത്.

കോഴവിവാദത്തില്‍ ശ്രീശാന്തിനെ പെടുത്തുകയായിരുന്നു. ശ്രീശാന്ത് 100 ശതമാനവും നിരപരാധിയാണെന്ന് വിന്ദുധാരാ സിങ് പറഞ്ഞു. ശ്രീശാന്തിനെതിരെ നടന്നത് തെറ്റായ പ്രചാരണമാണെന്നും വിന്ദു പറയുന്നു. ഒത്തുകളി വിവാദം യഥാര്‍ഥത്തില്‍ ശരദ് പവാറും എന്‍ ശ്രീനിവാസനും തമ്മിലുള്ള വടംവലിയുടെ ഭാഗമാണ്.

എന്നാല്‍ യഥാര്‍ഥത്തില്‍ വടംവലി ലളിത് മോഡിയും ശ്രീനിവാസനും തമ്മിലാണ്. ഇതില്‍ മോഡിയെ മുന്‍നിര്‍ത്തി കളിക്കുന്നത് പവാറാണെന്ന് വിന്ദു പറയുന്നു. പന്തയം വക്കുന്നവരില്‍ ചലച്ചിത്രലോകത്തെ പല താരങ്ങളുമുണ്ട്. എന്നാല്‍ അവരാരും ഒത്തുകളിയില്‍ പങ്കാളിയല്ലെന്നാണ് വിന്ദുപറയുന്നത്. ലേലത്തില്‍ ലഭിക്കുന്ന തുകയെ അപേക്ഷിച്ച് വലിയ തുകയാണ് കളിക്കാര്‍ക്ക് ഒത്തുകളിക്കുന്നതിലൂടെ കിട്ടുന്നത്.

ഒത്തുകളിയില്‍ നിയന്ത്രിക്കുന്നവര്‍ക്ക് അനായാസം കളിക്കാര്‍ക്ക് 15 കോടി വരെ കൊടുക്കാന്‍ കഴിയും. രാജ്യത്തിന് വേണ്ടി കളിച്ചാല്‍ പോലും ഇത്രയും തുക കിട്ടില്ല. ഒത്തുകളി ട്വന്റി 20 ലീഗില്‍ ഒതുങ്ങുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഐ.പി.എല്ലില്‍ ഒത്തുകളിക്കുന്നവര്‍ക്ക് എന്തുകൊണ്ട് രാജ്യാന്തരമത്സരവും ഒത്തുകളിച്ചുകൂടായെന്ന് കൂട്ടിച്ചേര്‍ത്തു.

ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന് വാതുവെച്ചതില്‍ വന്‍ നഷ്ടമുണ്ടായി. എന്നാല്‍ ഐ.പി.എല്‍ തന്നെ ഒത്തുകളിയാണെന്ന് മെയ്യപ്പന്‍ മനസ്സിലാക്കി. 100 ശതമാനവും ഒത്തുകളിയാണിത്. ഐ.പി.എല്‍ ടീമുടമകളില്‍ വാതുവെയ്പിനെക്കുറിച്ച് അറിവുള്ളതും നേരിട്ട് പങ്കെടുക്കുന്നതും വിജയ് മല്യ മാത്രമാണെന്നും അദ്ദേഹം പറയുന്നു. മല്യക്ക് മാത്രമാണ് ഇത് ഒത്തുകളിയാണെന്ന് അറിവുള്ളത്. 100 മുതല്‍ 200 കോടിവരെ വാതുവെയ്പിലൂടെ മല്യ സ്വന്തമാക്കിയെന്നും വിന്ദു പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :