ലളിത് മോഡിയ്ക്ക് വാതുവയ്പ് ബന്ധവും

മുംബൈ| WEBDUNIA|
PRO
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ അമരക്കാരന്‍ ലളിത്‌ മോഡി വാതുവയ്പ് ഉള്‍പ്പടെയുള്ള അനാരോഗ്യകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്‌. ആദായനികുതി വകുപ്പ്‌ ആറു മാസം മുന്‍പ് കേന്ദ്രസര്‍ക്കാരിന്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വസ്തുതകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്‌. കോടികള്‍ മാറിമറിയുന്ന ഐപിഎല്ലിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട്‌ സുതാര്യത നിലനില്‍ക്കുന്നില്ലെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യ രണ്ട്‌ ഐപിഎല്‍ ടൂര്‍ണമെന്റുകളിലും ലളിത്‌ മോഡിക്കു വേണ്ടിയോ അദ്ദേഹത്തിന്റെ അറിവോടു കൂടിയോ വാതുവയ്പു നടന്നുവെന്നാണ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്.

ലോകത്തിലെ ഏറ്റവും വലിയ വാതുവയ്പ്‌ ശൃംഖലയായ ബെറ്റ്ഫെയറുമായി മോഡിയുടെ അടുത്ത ബന്ധു ഗൗരവ്‌ ബര്‍മന്‌ ബന്ധമുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വാതുവയ്പു നിയമവിധേയമായ യുകെയിലാണ്‌ ബെറ്റ്ഫെയര്‍ പ്രവര്‍ത്തിക്കുന്നത്‌. ലളിത്‌ മോഡിയുടെ ഇ- മെയില്‍ പരിശോധിച്ചാണ്‌ ഇത്തരം വസ്‌തുതകള്‍ മനസിലാക്കിയതെന്ന്‌ ആദായനികുതി റിപ്പോര്‍ട്ടില്‍ പറയുന്നു. ബെറ്റ്ഫെയര്‍ ഇന്ത്യയില്‍ കസിനോ ബിസിനസ്‌ തുടങ്ങാനാഗ്രഹിക്കുന്നവരാണെന്നും റിപ്പോര്‍ട്ടുണ്ട്. മോഡിയുടെ ഇ-മെയിലില്‍ നിന്നു തന്നെയാണ്‌ ആദായ നികുതി വകുപ്പിന്‌ മോഡി വാങ്ങിയ പഞ്ചനക്ഷത്ര ഉല്ലാസ ബോട്ടിനെ പറ്റിയും വിവരം ലഭിച്ചത്‌.

ഐപിഎല്ലിലെ മൂന്ന്‌ ടീമുകളില്‍ മോഡിക്ക്‌ ഓഹരികളുണ്ട്. മൗറീഷ്യസ്‌ മുതല്‍ അയര്‍ലന്‍ഡ് വരെയുള്ള ലോകത്തെ വിവിധ രാഷ്ട്രങ്ങളില്‍ ലളിത്‌ മോഡിക്ക്‌ നിക്ഷേപമുണ്ട്‌. കോടിക്കണക്കിന്‌ രൂപയുടെ അനധികൃതമായ ഭൂമി ഇടപാടുകളില്‍ മോഡി ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെയാണ് മോഡി വന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുള്ളതെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

ഐ പി എല്ലിന് മുന്‍പ് ബി സി സി ഐ ഭാരവാഹി മാത്രമായായിരുന്ന മോഡിയ്ക്ക് ഇപ്പോള്‍ സ്വന്തമായി പ്രൈവറ്റ്‌ ജെറ്റ്‌, പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഉല്ലാസ നൗക, മെഴ്സിഡസ്‌-എസ്‌ ക്ലാസ്‌ കാറുകളുടെയും ബിഎംഡബ്ലിയു കാറുകളുടെയും നീണ്ട നിര എന്നിവ സ്വന്തമായുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :