മോഡിയ്ക്ക് ടീം ഉടമകളുടെ പിന്തുണ

ന്യൂഡല്‍ഹി| WEBDUNIA|
PRO
ആരോപണങ്ങളുടെയും വിവാദങ്ങളുടെയും നടുക്കടലിലാണെങ്കിലും ഐ പി എല്‍ ചെയര്‍മാന്‍ ലളിത് മോഡിയെ കൈവിടാന്‍ ടീം ഉടമകള്‍ തയ്യാറല്ലെന്ന് സൂചന. മോഡിയെ ഐ പി എല്‍ പദവികളില്‍ നിന്ന് പുറത്താക്കിയേക്കുമെന്ന് ഉറപ്പിച്ചിരിക്കേയാണ് അദ്ദേഹത്തിന് നിരുപാധിക പിന്തുണയുമായി ഫ്രാഞ്ചൈസി ഉടമകള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇത് ബി സി സി ഐയെയും വിഷമവൃത്തത്തിലാക്കിയേക്കുമെന്ന് സൂചനയുണ്ട്.

മോഡിയെ പിന്തുണച്ച് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ഉടമ വിജയ മല്യ ഇന്നലെ രംഗത്തു വന്നിരുന്നു. ഇതിന് അദ്ദേഹം ട്വിറ്ററിലൂടെ നന്ദി പറയുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ ഷാരൂഖ് ഖാന്‍, രാജസ്ഥാന്‍ റോയല്‍‌സ് ഉടമ ശില്‍പ്പ ഷെട്ടി എന്നിവരും മോഡിയ്ക്ക് പിന്തുണയുമായി എത്തിയത്. ആദായ നികുതി വകുപ്പ് നടത്തുന്ന അന്വേഷണം അതിന്‍റെ വഴിക്ക് നീങ്ങുമെങ്കിലും ഐ പി എല്ലിനെ നയിക്കാന്‍ മോഡി തന്നെയാണ് മിടുക്കനെന്ന് ടീം ഉടമകള്‍ അറിയിച്ചു.

ഐ പി എല്‍ മോഡിയുടെ ബുദ്ധിയില്‍ വിരിഞ്ഞ ആശയമാണെന്നും അതിനാല്‍ അതിനെ നയിക്കാന്‍ അദ്ദേഹം തന്നെയാണ് അനുയോജ്യനെന്നും ശില്‍പ്പ ഷെട്ടി പറഞ്ഞു. ഐ പി എല്ലിന് പിന്നില്‍ നടക്കുന്നത് എന്താണെന്ന അറിയില്ല. എങ്കിലും അന്വേഷണം പൂര്‍ത്തിയാവുന്നതിന് മുന്‍പ് അന്തിമ തീര്‍പ്പ് കല്‍‌ല്‍പ്പിക്കരുതെന്നും ശില്‍പ്പ പറഞ്ഞു.

വിദേശത്തും ഐ പി എല്ലിനെ വിജയിപ്പിച്ചെടുത്തത് മോഡിയുടെ ബുദ്ധിയാണെന്ന കാര്യം മറക്കരുത്. അദ്ദേഹത്തിന്‍റെ മാത്രം ശ്രമഫലമായാണ് ഐ പി എല്ലിന് ലോകത്തില്‍ ഇത്രയേറെ സ്വീകാര്യത ലഭിച്ചതെന്നും ശില്‍‌പ്പ പറഞ്ഞു. മോഡിയ്ക്ക് രഹസ്യ ഓഹരികള്‍ ഉണ്ടെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ ടീമുകളാണ് രാജസ്ഥാന്‍ റോയല്‍‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :