കോ‌ഹ്‌ലിക്കൊപ്പം ധോണിയും മടങ്ങാത്തതെന്ത്? ഇന്ത്യന്‍ ബൌളര്‍മാര്‍ ധോണിയെ വിടുന്നില്ലെന്ന് ഉത്തരം !

ടീം ഇന്ത്യ, ധോണി, വിരാട് കോഹ്‌ലി, കുല്‍‌ദീപ് യാദവ്, ന്യൂസിലന്‍ഡ്, Team India, Mahendrasingh Dhoni, Virat Kohli, Kuldeep Yadav, New Zealand
മൌണ്ട് മോന്‍‌ഗനൂയി| Last Modified ചൊവ്വ, 29 ജനുവരി 2019 (11:52 IST)
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ മൂന്ന് ഏകദിനങ്ങളിലും വിജയം സ്വന്തമാക്കി പരമ്പര നേടിയതോടെ ക്യാപ്‌ടന്‍ വിരാട് കോഹ്‌ലി മടങ്ങുകയും ചെയ്തു. കോഹ്‌ലിയെ മടക്കി വിളിച്ചതിലൂടെ രണ്ടുകാര്യങ്ങളാണ് ബി സി സി ഐ ലക്‍ഷ്യമിടുന്നത്.

ഒന്നാമത്തേത് ക്യാപ്‌ടന് വിശ്രമം അനുവദിക്കുക എന്നതുതന്നെ. ഓസ്ട്രേലിയ ഇന്ത്യയിലെത്തുമ്പോള്‍ ടീം ഇന്ത്യയെ മുന്നില്‍ നിന്ന് നയിക്കാന്‍ കോഹ്‌ലിയെ സന്നദ്ധനാക്കുകയാണ് ഇതിന്‍റെ ഉദ്ദേശ്യം. രണ്ടാമത്തേത്, കോഹ്‌ലിക്ക് പകരക്കാരനായി ഏതെങ്കിലും പുതുമുഖ താരത്തിന് അവസരം കൊടുക്കുക. മികച്ച പുതുമുഖ താരങ്ങളെ ചൂണ്ടിക്കാട്ടിയിട്ടാണ് കോഹ്‌ലി മടങ്ങുന്നതും.

എന്നാല്‍ കോഹ്‌ലിക്കൊപ്പം മഹേന്ദ്രസിംഗ് ധോണിക്കും മടങ്ങാമായിരുന്നു എന്ന് ഒരഭിപ്രായം പരക്കെ ഉയരുന്നുണ്ട്. നീണ്ട മത്സരങ്ങള്‍ ധോണിയുടെ ആരോഗ്യത്തെയും ബാധിക്കുമല്ലോ. വലിയ പോരാട്ടങ്ങള്‍ക്കായി തയ്യാറെടുക്കാന്‍ അദ്ദേഹത്തിനും വിശ്രമം ആവശ്യമാണ്.

എന്നാല്‍ ധോണിയെ ന്യൂസിലന്‍ഡിനെതിരായ അടുത്ത മത്സരങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ഇന്ത്യയുടെ ബൌളര്‍മാര്‍ക്ക് താല്‍പ്പര്യമില്ലത്രേ. ധോണിയുടെ സാന്നിധ്യം ബൌളര്‍മാരുടെ ആത്‌മവിശ്വാസം ഉയര്‍ത്തുമെന്നാണ് അവരുടെ അഭിപ്രായം.

കുല്‍‌ദീപ് യാദവിന്‍റെ കാര്യം തന്നെയെടുക്കുക. 38 ഏകദിനങ്ങളില്‍ നിന്ന് 77 വിക്കറ്റുകള്‍ സ്വന്തമാക്കിയ കുല്‍‌ദീപ് ഇന്ന് ഇന്ത്യയുടെ ലിമിറ്റഡ് ഓവര്‍ ബൌളര്‍മാരില്‍ ഏറ്റവും പ്രതിഭാശാലിയാണ്. ന്യൂസിലന്‍ഡിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലുമായി എട്ടുവിക്കറ്റുകളാണ് കുല്‍ദീപ് സ്വന്തമാക്കിയത്.

എന്നാല്‍ മൂന്നാം ഏകദിനത്തില്‍ കുല്‍‌ദീപിന്‍റെ കളി മോശമായി. വിക്കറ്റൊന്നും നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. എട്ട് ഓവറുകള്‍ എറിഞ്ഞ കുല്‍‌ദീപ് 39 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. കുല്‍‌ദീപിന്‍റെ മോശം പ്രകടനത്തിന് ഒരു കാരണമായി ക്രിക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് മൂന്നാം ഏകദിനത്തില്‍ ധോണിയുടെ അസാന്നിധ്യമാണ്.

കടുത്ത പേശീവലിവ് കാരണം മൂന്നാം ഏകദിനത്തില്‍ നിന്ന് ധോണി വിട്ടുനിന്നിരുന്നു. ഇത് കുല്‍‌ദീപിനെ പ്രതികൂലമായി ബാധിച്ചത്രേ. വിക്കറ്റിന് പിന്നില്‍ നിന്ന് ധോണി നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് കുല്‍‌ദീപ് പലപ്പോഴും ബോള്‍ ചെയ്തിരുന്നത്. ഇത് കുല്‍‌ദീപിന്‍റെ പ്രകടനമികവിലെ ഒരു പ്രധാന ഘടകമായിരുന്നു.

കുല്‍‌ദീപ് മാത്രമല്ല, ടീമിലെ മറ്റ് ബൌളര്‍മാരും ധോണിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് പന്തെറിയുന്നത്. മത്സരത്തിന്‍റെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ധോണി നല്‍കുന്ന നിര്‍ദ്ദേശങ്ങളാണ് ബൌളര്‍മാര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായകമാകുന്നത്. ധോണി കളിക്കുന്നില്ലെങ്കില്‍ ബൌളര്‍മാരുടെ പ്രകടനം മോശമാകുന്നത് സ്വാഭാവികമായ കാര്യം.

അതുകൊണ്ടുതന്നെ, ന്യൂസിലന്‍ഡിനെതിരായ അടുത്ത മത്സരങ്ങളില്‍ ധോണി തുടരട്ടെയെന്നാണ് മാനേജുമെന്‍റിന്‍റെ നിലപാട്. മാത്രമല്ല, കോഹ്‌ലിക്കൊപ്പം ധോണി കൂടി മടങ്ങിയാല്‍ അത് രോഹിത് ശര്‍മ്മയ്ക്ക് അമിതഭാരമായി മാറുമെന്നും വിലയിരുത്തപ്പെടുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :