ഒമിക്രോൺ ജാഗ്രതയിൽ ലോകം, ജർമനിയിലും ബ്രിട്ടനിലും ഇറ്റലിയിലും രോഗം സ്ഥിരീകരിച്ചു

അഭിറാം മനോഹർ| Last Modified ഞായര്‍, 28 നവം‌ബര്‍ 2021 (08:33 IST)
കോവിഡിന്റെ വ്യാപനശേഷി ഏറ്റവും കൂടിയതും അതിമാരകവുമായ വകഭേദം കൂടുതൽ രാജ്യങ്ങളിൽ കണ്ടെത്തി. ജർമനി, ബ്രിട്ടൻ,ഇറ്റലി എന്നീ രാജ്യങ്ങളിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. വൈറസ് വ്യാപനം സ്ഥിരീകരിച്ചതിനെ തുടർന്ന്
ഇസ്രായേൽ അതിർത്തികൾ അടച്ചു. രോ​ഗത്തെ ചെറുക്കാൻ അതിർത്തികൾ അടച്ചും നിരീക്ഷണം ശക്തമാക്കിയും യുദ്ധസമാന നീക്കങ്ങളിലാണ് ലോകരാജ്യങ്ങൾ.

അതേസമയം ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രക്കാർക്ക്
കൂടുതൽ രാജ്യങ്ങൾ യാത്രാനിരോധനം ഏർപ്പെടുത്തി. കഴിഞ്ഞ 24നാണ് ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ച പുതിയ വകഭേദത്തിനെ ലോകാരോഗ്യ സംഘടന ആശങ്കാജനകമായ വകഭേദങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ബോട്‌സ്വാന, ബെൽജിയം, ഹോങ്കോങ്, ഇസ്രായേൽ എന്നിവിടങ്ങൾക്ക് പിന്നാലെ ജർമനിയിലും ചെക്ക് റിപ്പബ്ലിക്കിലും ഇറ്റലിയിലും ബ്രിട്ടണിലുമാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.

അതേസമയം ദക്ഷിണാഫ്രിക്കയിൽനിന്ന്‌ നെതർലാൻഡ്‌സിന്റെ തലസ്ഥാനമായ ആംസ്റ്റർഡാമിൽ വിമാനമിറങ്ങിയ അറുനൂറിലേറെ യാത്രക്കാർ ഒമിക്രോൺ ഭീതിയിലാണ്.ഇവരിൽ രോഗം സ്ഥിരീകരിച്ച 61 പേരെ വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലിൽ സമ്പർക്കവിലക്കിലാക്കി. നെതർലാൻഡ്‌സിൽ ഭാഗിക അടച്ചിടൽ ഏർപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :