രേണുക വേണു|
Last Modified ശനി, 18 ഡിസംബര്‍ 2021 (10:42 IST)
ഇന്ത്യയില്‍ ഒമിക്രോണ്‍ വളരെ വേഗത്തില്‍ പടരുകയാണെന്നും രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടാകുമെന്നും മുന്നറിയിപ്പ്. യുകെയിലും ഫ്രാന്‍സിലുമുള്ള അണുബാധയുടെ വ്യാപന തോത് നോക്കുമ്പോള്‍ രാജ്യത്ത് പ്രതിദിനം ലക്ഷക്കണക്കിന് കേസുകളിലേക്ക് വര്‍ധിച്ചേക്കാമെന്ന് സര്‍ക്കാരിന്റെ കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
'യുകെയിലെ രോഗവ്യാപന തോത് അനുസരിച്ച് ഇന്ത്യയില്‍ സമാനമായ വ്യാപനം ഉണ്ടാവുകയാണെങ്കില്‍, നമ്മുടെ ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ പ്രതിദിനം 14 ലക്ഷം കേസുകള്‍ വരെ ഉണ്ടായേക്കാം. ഫ്രാന്‍സില്‍ 65,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ തോത് വെച്ച് നോക്കുമ്പോള്‍ രാജ്യത്തെ ജനസംഖ്യ അടിസ്ഥാനമാക്കി പ്രതിദിനം 13 ലക്ഷം കേസുകള്‍ വരെ ഉണ്ടാകാം,' കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവി വി.കെ.പോള്‍ പറഞ്ഞു. ഇന്ത്യയില്‍ നിലവില്‍ 11 സംസ്ഥാനങ്ങളിലായി 101 ഒമിക്രോണ്‍ കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.