എറണാകുളം|
ശ്രീനു എസ്|
Last Updated:
വ്യാഴം, 1 ഒക്‌ടോബര്‍ 2020 (19:46 IST)
കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയില്‍ കോവിഡ് കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ജില്ലാ കളക്ടര്‍ എസ് സുഹാസ് പുറപ്പെടുവിച്ചു. കോവിഡ് രോഗ സ്ഥിരീകരണം റിപ്പോര്‍ട്ട് ചെയ്യുന്ന യൂണിറ്റുകള്‍ മാത്രം മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിക്കുകയും ഏഴ് ദിവസത്തേക്ക് അടച്ചിടുകയും ചെയ്യും. മേഖലയിലെ മറ്റ് യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തിക്കാം. പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം.
രോഗലക്ഷണമുള്ളവര്‍ ക്വാറന്റീനില്‍ കഴിയുകയും പരിശോധന നടത്തുകയും വേണം. അവശ്യ സേവന മേഖലയിലെ സ്ഥാപനങ്ങള്‍ 20 ശതമാനം ജീവനക്കാരെ ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കണം. മാസ്‌ക്, സാമൂഹ്യ അകലം തുടങ്ങിയ ബ്രേക്ക് ദ ചെയിന്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും കലക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.