വാക്‌സിൻ സ്റ്റോക്ക് വിവരം സംസ്ഥാനങ്ങൾ പരസ്യപ്പെടുത്തരുതെന്ന് കേന്ദ്രം

അഭിറാം മനോഹർ| Last Modified വ്യാഴം, 10 ജൂണ്‍ 2021 (13:07 IST)
വാക്‌സിൻ സ്റ്റോക്ക് വിവരങ്ങൾ പരസ്യപ്പെടുത്തരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. കൊവിൻ സംവിധാനത്തിലെ വിവരം പുറത്ത് വിടരുതെന്നും വിവരം കേന്ദ്രത്തിന്‍റെ അധികാര പരിധിയില്‍ വരുന്നതെന്നുമാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ അറിയിപ്പ്.

സെപ്‌റ്റംബറോടെ രാജ്യത്തെ 80 ശതമാനം പേർക്ക് വാക്‌സിൻ നൽകാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ദിവസം 90 ലക്ഷം പേർക്കെങ്കിലും വാക്‌സിനേഷൻ നൽകാവുന്ന രീതിയിൽ തോത് വർധിപ്പിക്കുകയാണ് ലക്ഷ്യം. രോഗികളുടെ എണ്ണവും ജനസംഖ്യയും കണക്കാക്കിയാകും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം വാക്സിൻ വിതരണം ചെയ്യുക.

വാക്‌സിൻ പാഴാക്കിയാൽ വിതരണത്തിൽ കുറവ് വരുത്തും. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്സിൻ നൽകുമ്പോൾ അതിന്‍റെ മുന്‍ഗണന ക്രമം സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :