വളര്‍ത്തുനായ കോവിഡ് പോസിറ്റീവ് ! അപൂര്‍വങ്ങളില്‍ അപൂര്‍വം, കൂടുതല്‍ പരിശോധന

രേണുക വേണു| Last Modified വ്യാഴം, 11 നവം‌ബര്‍ 2021 (09:01 IST)

വളര്‍ത്തുനായയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. യുകെയിലാണ് സംഭവം. രാജ്യത്തെ ചീഫ് വെറ്റെറിനറി ഓഫീസറുടെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വേബ്രിഡ്ജിലെ അനിമല്‍ ആന്‍ഡ് പ്ലാന്റ് ഹെല്‍ത്ത് ഏജന്‍സിയില്‍ നവംബര്‍ മൂന്നിനാണ് പരിശോധന നടന്നത്. നേരിയ രോഗലക്ഷണങ്ങള്‍ കാണിച്ച വളര്‍ത്തുനായയില്‍ കോവിഡ് 19 ന് കാരണമായ വൈറസിന്റെ സ്വാധീനമുണ്ടെന്ന് കണ്ടെത്തി.

വീട്ടുടമയില്‍ നിന്നാണ് നായയ്ക്ക് കോവിഡ് ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം. വീട്ടുടമയ്ക്ക് നേരത്തെ രോഗം സ്ഥീരകരിച്ചിരുന്നു. അതേസമയം, മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് സമ്പര്‍ക്കത്തിലൂടെ കൊറോണ വൈറസ് പടരും എന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. രോഗം ബാധിച്ച നായയെ ചികിത്സയ്ക്ക് വിധേയമാക്കി. നിലവില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് ചീഫ് വെറ്ററിനറി ഓഫീസര്‍ ക്രിസ്റ്റ്യന്‍ മിഡില്‍മിസ് പറഞ്ഞു. വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് നേരിട്ട് മനുഷ്യരിലേക്ക് വൈറസ് പകരുമെന്നതിന് വ്യക്തമായ തെളിവുകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'കോവിഡ് സാധാരണയായി വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്കാണ് പകരുക. എന്നാല്‍, ചില അപൂര്‍വം സാഹചര്യങ്ങളില്‍ വൈറസ് മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് പകരുന്നു. പൊതുജനാരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ ശ്രദ്ധിക്കുക. മൃഗങ്ങളും പക്ഷികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനു മുന്‍പും ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക,' മെഡിക്കല്‍ എപ്പിഡെമോളജിസ്റ്റ് കാതറിനെ റസല്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :