'ഞാൻ വൈറസല്ല, മനുഷ്യനാണ്': കൊറോണ ഭീതിയിൽ ചൈനീസുകാർക്കെതിരെയുള്ള വംശീയ വിവേചനത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥി

അഭിറാം മനോഹർ| Last Updated: ബുധന്‍, 26 ഫെബ്രുവരി 2020 (21:34 IST)
കൊറോണ വൈറസ് ലോകമെമ്പാടും പടർന്നുകൊണ്ടിരിക്കെ യൂറോപ്പടക്കമുള്ള സ്ഥലങ്ങളിൽ ഏഷ്യൻ/ചൈനീസ് വംശജർക്കെതിരെ നടക്കുന്ന പ്രചാരണങ്ങളിൽ പ്രതിഷേധവുമായി വിദ്യാർത്ഥി. ഇറ്റലിയില്‍ താമസിക്കുന്ന ചൈനക്കാരനായ മസ്സിമിലിയാനോ മാര്‍ട്ടിഗ്ലി ജിയാങ്ങാണ് ചൈനീസുകാർക്കെതിരെ നടക്കുന്ന വംശീയ വിവേചനത്തിനെതിരെ പ്രതിഷേധ സൂചകമായി വീഡിയോയിലൂടെ പ്രതിഷേധിച്ചത്.

ഞാൻ വൈറസല്ല, മനുഷ്യനാണ് മുൻവിധികൾ മാറ്റു എന്നെഴുതിയ പ്ലക്കാർഡും കയ്യിലേന്തി കണ്ണ് കെട്ടുകയും വായ മാസ്ക് ഉപയോഗിച്ച് മറച്ചുകൊണ്ട് നഗരത്തിലെ തിരക്കേറിയ വീഥിയിൽ നിൽക്കുകയാണ് ജിയാങ് ചെയ്‌തത്. പലരും ആ വഴിയെ വെറുതെ കടന്നുപോയെങ്കിലും ഭൂരിഭാഗം പേരും മാസ്‌ക് മാറ്റിയും കണ്ണുകെട്ടിയ തുണിയഴിച്ചും ജിയാങ്ങിനെ ആശ്ലേഷിക്കുകയായിരുന്നു.

ചൈനയിലെ വെന്‍സോയില്‍ നിന്നെത്തിയ ജിയാങ്ങും കുടുംബവും വര്‍ഷങ്ങളായി ഇറ്റലിയിൽ തന്നെയാണ് താമസിക്കുന്നത്. കൊറോണ ബാധ പടർന്ന സാഹചര്യത്തിൽ ചൈനീസ് വംശജർക്കെതിരെ വംശീയമായ വേര്‍തിരിവ് കാണിക്കുന്ന നിരവധി സംഭവങ്ങള്‍ നടന്നതോടെയാണ് ഇത്തരമൊരു ബോധവത്കരണശ്രമവുമായി ജിയാങ് രംഗത്തെത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :