അഭിറാം മനോഹർ|
Last Updated:
വ്യാഴം, 19 ഓഗസ്റ്റ് 2021 (17:57 IST)
രണ്ട് ഡോസ് വാക്‌സിനെടുത്ത ശേഷം ഇന്ത്യയിൽ 87,000 ത്തോളം പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതിൽ 46 ശതമാനവും കേരളത്തിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
ആദ്യ ഡോസ് വാക്‌സിൻ എടുത്തതിന് ശേഷം കേരളത്തിൽ എണപതിനായിരത്തിനടുത്ത് ആളുകള്‍ കോവിഡ് പോസിറ്റീവായി. രണ്ട് ഡോസ് വാക്‌സിൻ എടുത്തതിന് ശേഷം നാല്പതിനായിത്തോളം പേര്‍ക്കും രോഗം ബാധിച്ചു.മറ്റു സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം കുറഞ്ഞിട്ടും കേരളത്തില്‍ കേസുകള്‍ ഉയര്‍ന്ന നിലയില്‍ തന്നെ നില്‍ക്കുന്നതിൽ കേന്ദ്രം ആശങ്ക രേഖപ്പെടുത്തി.
വാക്‌സിനെടുത്ത ശേഷം കൊവിഡ് വന്നവരിൽ നിന്നും 200 ഓളം പേരുടെ സാമ്പിളുകളുടെ ജനതിക ശ്രേണി പരിശോധിച്ചതില്‍ വകഭേദം കണ്ടെത്തിയിട്ടില്ലെന്നും മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. 100 ശതമാനം വാക്‌സിനേഷൻ നടന്ന വയനാടിലടക്കം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും കേന്ദ്രം ചൂണ്ടികാട്ടി.