അഭിറാം മനോഹർ|
Last Modified ബുധന്‍, 13 ഡിസംബര്‍ 2023 (20:28 IST)
വീട്ടില്‍ അതിഥികള്‍ എത്തുമ്പോള്‍ തിളക്കമുള്ള പാത്രങ്ങള്‍ ഒരുക്കാന്‍ നമ്മള് എല്ലായ്പ്പോഴും ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ എത്ര വൃത്തിയായി ഉപയോഗിച്ചാലും ചിലപ്പോള്‍ ഇത്തരം പാത്രങ്ങളുടെയും ഗ്ലാസുകളുടെയും തിളക്കം മങ്ങാം. അത്തരത്തില്‍ സംഭവിച്ചാല്‍ പിന്നീട് ആ പാത്രങ്ങളില്‍ ഭക്ഷണം വിളമ്പി നല്കാന് തന്നെ മടി തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ സ്ഫടികത്തില്‍ നിര്‍മിച്ച ഗ്ലാസുകളും പാത്രങ്ങളും തിളക്കം നഷ്ടപ്പെട്ടുവെന്ന കാരണത്താല്‍ ഉപേക്ഷിക്കേണ്ടതില്ല.
ഇത്തരം പാത്രങ്ങള്‍ തിളക്കമുള്ളതാക്കാന്‍ അഞ്ച് മുതല്‍ 7 മിനിറ്റ് വരെ വിനാഗിരിയില്‍ മുക്കിവെയ്ക്കാം. വിനാഗിരിയിലെ ആസിഡ് ഹാര്‍ഡ് വാട്ടര്‍ മൂലമുള്ള മങ്ങലുകള്‍ മാറ്റുവാന്‍ സഹായിക്കും. ഇത്തരത്തില്‍ കഴുകിയ ശേഷം ശുദ്ധജലമുപയോഗിച്ച് കഴുകി തുടച്ച് വൃത്തിയാക്കിവെയ്ക്കാം. കഠിനമായ കറകളും പാടുകളും കളയാന്‍ ചൂട് വെള്ളത്തില്‍ കുറച്ച് നേരം പാത്രങ്ങളും ഗ്ലാസുകളും മുക്കിവെച്ച ശേഷം കൈ ഉപയോഗിച്ച് ഉരച്ചു കഴുകാം.
ചെറുനാരങ്ങ, ബേക്കിംഗ് സോഡ എന്നിവ ചൂട് വെള്ളത്തില്‍ ചേര്‍ത്ത് ഗ്ലാസുകളും സ്ഫടിക പാത്രങ്ങളും കഴുകാം. ചെറുനാരങ്ങയിലെ ആസിഡ് കടുത്ത പാടുകള്‍ നീക്കാന്‍ സഹായിക്കുമ്പോള്‍ ബേക്കിംഗ് സോഡ സ്ക്രബറിന്റെ ഉപയോഗം ചെയ്യും. ചെറുനാരങ്ങയ്ക്ക് പകരം വിനാഗിരിയും ഇത്തരത്തില്‍ ഉപയോഗിക്കാം. ബേക്കിംഗ് സോഡ മാത്രമുപയോഗിച്ച് ഗ്ലാസുകള്‍ ചെയ്യുന്നതും ഗുണം ചെയ്യും. എന്നാല്‍ ബേക്കിംഗ് സോഡയിലെ തരികള്‍ പാത്രങ്ങളില്‍ പോറലുകള്‍ വീഴ്ത്താന്‍ സാധ്യതയുണ്ട്.