തിരുവനന്തപുരം|
Last Modified വ്യാഴം, 12 ജൂണ്‍ 2014 (14:49 IST)
ഹൌ ഓള്‍ഡ് ആര് യു എന്ന മഞ്ജു വാര്യര്‍ സിനിമ നിയമസഭയിലും ചര്‍ച്ചാവിഷയമായി. വര്‍ക്കല കഹാര്‍ എം എല്‍ എയാണ് ഹൌ ഓള്‍ഡ് ആര് യുവിനെയും നായികാ കഥാപാത്രമായ നിരുപമയെയും ചര്‍ച്ചയില്‍ കൊണ്ടുവന്നത്.
ആ സിനിമയിലെ നിരുപമ എന്ന കഥാപാത്രം ചെയ്യുന്നതുപോലെയുള്ള പദ്ധതികള്‍ക്ക് സിവില്‍ സപ്ലൈസ് വകുപ്പിന് ശ്രമിച്ചുകൂടേ എന്ന് കഹാര്‍ വകുപ്പ് മന്ത്രിയായ അനൂപ് ജേക്കബിനോട് ചോദിക്കുകയായിരുന്നു.
എന്നാല്‍, താന്‍ ആ സിനിമ കണ്ടില്ലെന്നും എന്താണ് അതിലുള്ളതെന്ന് പരിശോധിക്കാമെന്നുമായിരുന്നു അനൂപ് ജേക്കബിന്റെ മറുപടി. തുടര്‍ന്ന് സിനിമ കണ്ടവരും കാണാത്തവരും തമ്മില്‍ ചര്‍ച്ച സജീവമായി.
കാര്യങ്ങള്‍ ഇത്രയുമായപ്പോള്‍ സ്പീക്കര്‍ ജി കാര്ത്തികേയന് ഇടപെട്ടു. സിനിമയൊക്കെ നല്ലതായിരിക്കാം, പക്ഷേ ഏതെങ്കിലുമൊരു സിനിമയുടെ ചുവടുപിടിച്ചുള്ള ചര്‍ച്ചകളും പരാമര്‍ശങ്ങളും നിയമസഭയില്‍ ഒഴിവാക്കണമെന്നായിരുന്നു സ്പീക്കറുടെ നിര്‍ദ്ദേശം.