ബാഹുബലി തകര്‍ക്കുന്നു; തിയേറ്റര്‍ സമരം പിൻവലിച്ചു

 തിയേറ്റര്‍ സമരം , പ്രേമം സിനിമ , ‘ബാഹുബലി’ , എ ക്ലാസ് തിയേറ്റർ
കൊച്ചി| jibin| Last Modified ശനി, 11 ജൂലൈ 2015 (14:58 IST)
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്‌ത പ്രേമം സിനിമയുടെ വ്യാജപതിപ്പ് തടയണമെന്ന പേരില്‍ ആരംഭിക്കുകയും പിന്നീട് വൈഡ് റിലീസിനെതിരായി തീരുകയും ചെയ്‌ത സമരം പിൻവലിച്ചു. കൊച്ചിയിൽ ചേർന്ന കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

ചലച്ചിത്ര മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സർക്കാർ തിങ്കളാഴ്ച വിവിധ സംഘടനകളുടെ യോഗം വിളിച്ച സാഹചര്യത്തിലാണു സമരം അവസാനിപ്പിക്കുന്നതെന്നു ഭാരവാഹികൾ വ്യക്തമാക്കി. തിയേറ്റർ സമരം നീട്ടിക്കൊണ്ടുപോകാനുള്ള ഫെഡറേഷൻ ഭാരവാഹികളുടെ തീരുമാനത്തോടു സംഘടനയ്ക്കുള്ളിൽ തന്നെ പ്രതിഷേധമുയർന്നിരുന്നു. തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. വിഷയത്തില്‍ തിങ്കളാഴ്ച സിനിമാസംഘടനകളുമായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും.

രണ്ടു ദിനം മാത്രം നീണ്ട സമരത്തോടു പക്ഷേ, സംഘടനയിലെ തന്നെ ഒരു വിഭാഗം സഹകരിച്ചിരുന്നില്ല. സമരം അവഗണിച്ചു പല തിയറ്ററുകളിലും തെലുങ്കു ചിത്രം ‘ബാഹുബലി’ ഇന്നലെ പ്രദർശിപ്പിച്ചിരുന്നു. സമരം തുടർന്നാൽ, സംഘടനയിലെ ഭിന്നത കൂടുതൽ രൂക്ഷമാകുമെന്ന തിരിച്ചറിവിലാണു പിൻവാങ്ങൽ. സമരത്തിനെതിരെ സിനിമാ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍ കര്‍ശന നിലപാടെടുക്കുകയും സമരം നടത്തുന്ന തിയേറ്ററുകള്‍ക്കെതിരെ കോംപറ്റീഷന്‍ കമ്മീഷനില്‍ പരാതി നല്കാനും തീരുമാനിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :