WEBDUNIA|
Last Modified ബുധന്‍, 29 ജൂലൈ 2009 (16:24 IST)
PRO
മമ്മൂട്ടിയെ നാലു വേഷത്തില്‍ അവതരിപ്പിച്ചു കൊണ്ട് അതിശക്തമായ ഒരു സിനിമ. രാജന്‍ പി ദേവിന്‍റെ സ്വപ്നമായിരുന്നു അത്. ‘കായല്‍രാജാവ്’ എന്ന് പേരിട്ട ആ ചിത്രം സംവിധാനം ചെയ്യണമെന്നും അതില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. ബെന്നി പി നായരമ്പലത്തിന്‍റെ തിരക്കഥയിലായിരുന്നു കായല്‍ രാജാവിനെ ഒരുക്കാന്‍ രാജന്‍ ശ്രമിച്ചത്.
‘സിംഹം’ എന്നൊരു ചിത്രം സംവിധാനം ചെയ്യാനും രാജന്‍ പി ദേവിന് പദ്ധതിയുണ്ടായിരുന്നു. ജയസൂര്യയെ നായകനാക്കിയുള്ള ഈ സിനിമയുടെ തിരക്കഥാ ജോലികളിലായിരുന്നു അദ്ദേഹം. സലിംകുമാര്‍, ദേവന്‍, ജഗതി ശ്രീകുമാര്‍ തുടങ്ങിയവരെയും സിംഹത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ നിശ്ചയിച്ചിരുന്നു.
നാലു ഭാഷകളിലായി തിരക്കേറിയ അഭിനയ ജീവിതമായതു കൊണ്ട് സംവിധായകന്‍ എന്ന നിലയില്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്ന് അദ്ദേഹത്തിന് ദുഃഖമുണ്ടായിരുന്നു.
അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍, അച്ഛന്‍റെ കൊച്ചുമോള്‍ക്ക്, മണിയറക്കള്ളന്‍ എന്നീ സിനിമകളാണ് രാജന്‍ പി ദേവ് സംവിധാനം ചെയ്തത്. ഇതില്‍ അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍ പ്രദര്‍ശനവിജയം നേടിയ ചിത്രമാണ്. ശ്രീവിദ്യ, കലാഭവന്‍ മണി, ജഗതി തുടങ്ങിയവര്‍ക്ക് മികച്ച കഥാപാത്രങ്ങളെയാണ് ആ ചിത്രത്തിലൂടെ രാജന്‍ നല്‍കിയത്.