പേരില്‍ മാത്രമെ വിജയമുള്ളു, ദേവരകൊണ്ടയുടെ ഫാമിലി സ്റ്റാറിനും തണുത്ത പ്രതികരണം, പണിയായത് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ തെലുങ്ക് പതിപ്പ്?

Family Star,Vijay devarakonda
അഭിറാം മനോഹർ| Last Updated: ശനി, 6 ഏപ്രില്‍ 2024 (16:08 IST)
Family Star,Vijay devarakonda
2017ല്‍ പുറത്തിറങ്ങിയ അര്‍ജുന്‍ റെഡ്ഡി എന്ന ഒരൊറ്റ സിനിമയിലൂടെ ഇന്ത്യയാകെ ശ്രദ്ധിക്കപ്പെട്ട താരമാണ് വിജയ് ദേവരകൊണ്ട. സിനിമ ഇറങ്ങി 7 വര്‍ഷം കഴിയുമ്പോള്‍ അര്‍ജുന്‍ റെഡ്ഡി പോലെ ശ്രദ്ധിക്കപ്പെടുന്ന ഒരു ഹിറ്റ് സിനിമ സമ്മാനിക്കാന്‍ വിജയ് ദേവരകൊണ്ടയ്ക്ക് സാധിച്ചിട്ടില്ല. ഗീതാഗോവിന്ദം എന്ന സിനിമ മാത്രമാണ് ഇതിനിടയില്‍ മികച്ച അഭിപ്രായം നേടിയത്. വമ്പൻ ഹൈപ്പിലെത്തിയ ലൈഗര്‍ ബോക്‌സോഫീസില്‍ പരാജയമായതോടെ അര്‍ജുന്‍ റെഡ്ഡി എന്ന ഒരൊറ്റ സിനിമയുടെ ലേബലിലാണ് പിടിച്ചുനില്‍ക്കുന്നതെന്ന് പറയാം.

വമ്പന്‍ ബജറ്റിലൊരുങ്ങിയ ലൈഗറിന്റെ പരാജയം വിജയ് ദേവരകൊണ്ടയുടെ കരിയറിനെ നല്ല രീതിയില്‍ ബാധിച്ചിരുന്നു. എന്നാല്‍ തുടര്‍ന്ന് വന്ന ഖുഷിയ്ക്കും തെലുങ്കില്‍ വലിയ വിജയമാകാന്‍ സാധിച്ചില്ല. അതിനാല്‍ തന്നെ മൃണാള്‍ താക്കൂറും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന ഫാമിലി സ്റ്റാര്‍ എന്ന സിനിമയുടെ മുകളില്‍ പ്രതീക്ഷകള്‍ ഏറെയായിരുന്നു. എന്നാല്‍ സിനിമയുടെ ആദ്യ ദിനം ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്നും 5.75 കോടി രൂപ മാത്രമാണ് സിനിമയ്ക്ക് നേടനായത്. 50 ശതമാനത്തില്‍ താഴെ ഒക്ക്യുപ്പെന്‍സിയാണ് സിനിമ നേടിയത്.

വിജയ് ദേവരകൊണ്ടയുടെ മുന്‍ ചിത്രങ്ങളായി ഖുഷി ആദ്യദിനം 15.25 കോടിയും ലൈഗര്‍ 15.95 കോടിയും ആദ്യ ദിനം ബോക്‌സോഫീസില്‍ നിന്നും നേടിയിരുന്നു. ദേവരകൊണ്ടയുടെ ഏറ്റവും മോശം സിനിമകളിലൊന്നായ വേള്‍ഡ് ഫേമസ് ലവര്‍ കൂടി ആദ്യ ദിനം 7 കോടി രൂപയാണ് ബോക്‌സോഫീസില്‍ നിന്നും നേടിയത്. അതേസമയം തമിഴിലെ വമ്പന്‍ വിജയത്തിന് ശേഷം തെലുങ്കിലെത്തുന്ന മഞ്ഞുമ്മല്‍ ബോയ്‌സിന് മികച്ച പ്രതികരണമാണ് തെലുങ്കില്‍ നിന്നും ലഭിക്കുന്നത്. ഏപ്രില്‍ ആറിന് ഇറങ്ങുന്ന സിനിമയ്ക്ക് മികച്ച ബുക്കിംഗാണ് ലഭിക്കുന്നത്. നേരത്തെ പ്രേമലുവിന്റെ തെലുങ്ക് പതിപ്പ് വലിയ വിജയമാണ് സ്വന്തമാക്കിയത്. പ്രേമലുവിന്റെ വഴിയെ മഞ്ഞുമ്മല്‍ ബോയ്‌സും പോവുകയാണെങ്കില്‍ അതും ദേവരകൊണ്ട സിനിമയുടെ വിജയത്തെ ബാധിച്ചേക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :