Vallyettan Movie: ഇന്നസെന്റ് മുതല്‍ അഗസ്റ്റിന്‍ വരെ; 'വല്ല്യേട്ടന്‍' റി റിലീസ് ചെയ്യുമ്പോള്‍ ഇവര്‍ ജീവിച്ചിരിപ്പില്ല !

വല്ല്യേട്ടന്‍ സിനിമയുടെ ഭാഗമായിരുന്ന പലരും ഇന്ന് ജീവിച്ചിരിപ്പില്ല

Innocent, Kalabhavan Mani and NF Varghese
Nelvin Gok| Last Modified വ്യാഴം, 28 നവം‌ബര്‍ 2024 (11:29 IST)
Innocent, Kalabhavan Mani and NF Varghese

Movie: 24 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഓണം റിലീസ് ആയി തിയറ്ററുകളിലെത്തിയ മമ്മൂട്ടിയുടെ 'വല്ല്യേട്ടന്‍' നാളെ (നവംബര്‍ 29) റി റിലീസ് ചെയ്യുകയാണ്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത വല്ല്യേട്ടന്‍ തിയറ്ററുകളില്‍ വന്‍ വിജയമായിരുന്നു. മാത്രമല്ല മമ്മൂട്ടിക്കൊപ്പം സഹതാരങ്ങളെല്ലാം മത്സരിച്ചഭിനയിച്ച സിനിമ കൂടിയാണ് ഇത്. വല്ല്യേട്ടന്‍ സിനിമയുടെ ഭാഗമായിരുന്ന പലരും ഇന്ന് ജീവിച്ചിരിപ്പില്ല. അതില്‍ ഇന്നസെന്റ് മുതല്‍ അഗസ്റ്റിന്‍ വരെയുള്ള മലയാളത്തിലെ അതുല്യ താരങ്ങള്‍ ഉണ്ട്..!

1. ഇന്നസെന്റ്

വല്ല്യേട്ടനില്‍ മമ്മൂട്ടിയുടെ കഥാപാത്രം അറക്കല്‍ മാധവനുണ്ണിയുടെ വളര്‍ത്തച്ഛനായാണ് ഇന്നസെന്റ് അഭിനയിച്ചിരിക്കുന്നത്. രാമന്‍കുട്ടി കൈമള്‍ എന്നാണ് ഇന്നസെന്റ് കഥാപാത്രത്തിന്റെ പേര്. മനോജ് കെ ജയന്‍ അവതരിപ്പിച്ചിരിക്കുന്ന ദാസന്‍ എന്ന കഥാപാത്രത്തിന്റെ അച്ഛന്‍ കൂടിയാണ് രാമന്‍കുട്ടി കൈമള്‍. 2023 മാര്‍ച്ച് 26 നാണ് ഇന്നസെന്റ് അന്തരിച്ചത്. അതായത് വല്ല്യേട്ടന്‍ റിലീസ് ചെയ്ത് 23 വര്‍ഷങ്ങള്‍ക്കു ശേഷം.

2. കലാഭവന്‍ മണി

വല്ല്യേട്ടനില്‍ മമ്മൂട്ടി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൈയടി വാങ്ങിയത് കലാഭവന്‍ മണിയാണ്. കാട്ടിപ്പിള്ളി പപ്പന്‍ എന്ന നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് മണി അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടി-കലാഭവന്‍ മണി സീനുകളെല്ലാം ഇന്നും മലയാളികള്‍ക്കു ഏറെ പ്രിയപ്പെട്ടതാണ്. വല്ല്യേട്ടന്‍ റിലീസ് ചെയ്ത് 16 വര്‍ഷങ്ങള്‍ക്കു ശേഷം 2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി അന്തരിച്ചത്.

3. എന്‍.എഫ്.വര്‍ഗീസ്

മമ്പറം ബാവ ഹാജി എന്ന വില്ലന്‍ വേഷമാണ് എന്‍.എഫ്.വര്‍ഗീസ് വല്ല്യേട്ടനില്‍ അവതരിപ്പിച്ചിരിക്കുന്നത്. 2002 ജൂണ്‍ 19 ന് തന്റെ 52-ാം വയസ്സില്‍ എന്‍.എഫ്.വര്‍ഗീസ് അന്തരിച്ചു. വല്ല്യേട്ടന്‍ തിയറ്ററുകളിലെത്തി രണ്ട് വര്‍ഷത്തിനു ശേഷമാണ് എന്‍.എഫ്.വര്‍ഗീസിന്റെ മരണം.

4. സുകുമാരി

അറക്കല്‍ മാധവനുണ്ണിയുടെ വീട്ടിലെ ജോലിക്കാരിയായ കുഞ്ഞിക്കാവമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നടി സുകുമാരിയാണ്. വല്ല്യേട്ടന്‍ റിലീസ് ചെയ്ത് 13 വര്‍ഷങ്ങള്‍ക്കു ശേഷം 2013 മാര്‍ച്ച് 26 നു സുകുമാരി മലയാള സിനിമാ ലോകത്തെ വിട്ടുപോയി.




5. അഗസ്റ്റിന്‍

സൂപ്പര്‍താര ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്ന നടന്‍ അഗസ്റ്റിന്‍ മമ്മൂട്ടിക്കൊപ്പം വല്ല്യേട്ടനില്‍ അഭിനയിച്ചിട്ടുണ്ട്. അറക്കല്‍ തറവാട്ടിലെ കാര്യസ്ഥന്‍ ഗംഗാധരന്‍ ആയാണ് അഗസ്റ്റിന്‍ വേഷമിട്ടിരിക്കുന്നത്. 2013 നവംബര്‍ 13 നാണ് അഗസ്റ്റിന്റെ മരണം.

6. ക്യാപ്റ്റന്‍ രാജു

ഡി.വൈ.എസ്.പി മുഹമ്മദ് ഇല്ലിയാസ് എന്ന കരുത്തനായ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് വല്ല്യേട്ടനില്‍ ക്യാപ്റ്റന്‍ രാജു അഭിനയിച്ചിരിക്കുന്നത്. 2018 സെപ്റ്റംബര്‍ 17 നാണ് ക്യാപ്റ്റന്‍ രാജുവിന്റെ അന്ത്യം.

7. ജി.കെ.പിള്ള

പുരുഷോത്തമന്‍ ഐപിഎസ് (എസ്.പി) എന്ന പൊലീസ് കഥാപാത്രത്തെ മുതിര്‍ന്ന നടന്‍ ജി.കെ.പിള്ളയാണ് അവതരിപ്പിച്ചിരിക്കുന്നത്. 2021 ഡിസംബര്‍ 31 നാണ് പിള്ള മരിച്ചത്.

8. അജിത് കൊല്ലം

മാറോടി അബു എന്ന വില്ലന്‍ വേഷത്തില്‍ വല്ല്യേട്ടനില്‍ അഭിനയിച്ച നടന്‍ അജിത് കൊല്ലം 2018 ഏപ്രില്‍ അഞ്ചിന് മരിച്ചു.

9. സുബൈര്‍

പൊലീസ് ഓഫീസറായ അജിത് കുമാര്‍ (എസ്.ഐ) ആയി വേഷമിട്ടിരിക്കുന്ന നടന്‍ സുബൈര്‍ വല്ല്യേട്ടന്‍ റിലീസ് ചെയ്തു 12 വര്‍ഷങ്ങള്‍ക്കു ശേഷം 2012 മേയില്‍ അന്തരിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :