Vallyettan Re-Release: 'വല്ല്യേട്ടന്‍' നാളെ മുതല്‍; ബുക്കിങ് ആരംഭിച്ചു

കേരളത്തില്‍ മാത്രം 125 ല്‍ അധികം സ്‌ക്രീനുകളില്‍ ആദ്യദിനം 'വല്ല്യേട്ടന്‍' പ്രദര്‍ശിപ്പിക്കും

Vallyettan Movie
രേണുക വേണു| Last Modified വ്യാഴം, 28 നവം‌ബര്‍ 2024 (08:53 IST)

Vallyettan Re-Release: മമ്മൂട്ടിയുടെ എക്കാലത്തേയും മാസ് സിനിമകളില്‍ ഒന്നായ 'വല്ല്യേട്ടന്‍' നാളെ മുതല്‍ തിയറ്ററുകളില്‍. 2000 സെപ്റ്റംബറില്‍ ഓണം റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രം 24 വര്‍ഷങ്ങള്‍ക്കു ശേഷമാണ് റി റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

കേരളത്തില്‍ മാത്രം 125 ല്‍ അധികം സ്‌ക്രീനുകളില്‍ ആദ്യദിനം 'വല്ല്യേട്ടന്‍' പ്രദര്‍ശിപ്പിക്കും. വേള്‍ഡ് വൈഡായി 350 ല്‍ അധികം സ്‌ക്രീനുകളില്‍ ഉണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് റിലീസ് ചെയ്ത മലയാള സിനിമയായിട്ടും ജിസിസിയില്‍ അടക്കം വല്ല്യേട്ടനെ വീണ്ടും കാണാന്‍ ആവേശത്തോടെയാണ് ആരാധകര്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്.

4K ഡോള്‍ബി അറ്റ്‌മോസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് വല്ല്യേട്ടന്റെ റി റിലീസ്. അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ അനില്‍ അമ്പലക്കരയും ബൈജു അമ്പലക്കരയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. മലയാളത്തില്‍ ഇതുവരെ നടന്ന റി റിലീസുകളില്‍ ഏറ്റവും കൂടുതല്‍ സ്‌ക്രീനുകളില്‍ എത്തുന്ന ചിത്രമെന്ന പ്രത്യേകതയും വല്ല്യേട്ടനുണ്ട്.

അനിയന്‍മാര്‍ക്കു വേണ്ടി ചങ്കുപറിച്ചു കൊടുക്കുന്ന വല്ല്യേട്ടനായാണ് മമ്മൂട്ടി സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. അറയ്ക്കല്‍ മാധവനുണ്ണി എന്നാണ് മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. സിദ്ദിഖ്, മനോജ് കെ ജയന്‍, സുധീഷ്, വിജയകുമാര്‍, സായ് കുമാര്‍, ഇന്നസെന്റ്, ക്യാപ്റ്റന്‍ രാജു, കലാഭവന്‍ മണി, ശോഭന, പൂര്‍ണിമ ഇന്ദ്രജിത്ത്, സുകുമാരി എന്നിവരാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്കു രാജാമണിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. രവിവര്‍മ്മന്‍ ആണ് ഛായാഗ്രഹണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :