കെ ആര്‍ അനൂപ്|
Last Modified വെള്ളി, 14 ജൂണ്‍ 2024 (09:15 IST)
ഭ്രമയുഗം, മലൈക്കോട്ടൈ വാലിബന്‍, മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു തുടങ്ങി മലയാളത്തിലെ പുതിയകാല സിനിമകള്‍ക്ക് പിന്നില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് റൊണാക്‌സ് സേവ്യറും ഉണ്ടാകും. ഒടുവില്‍ പുറത്തിറങ്ങിയ 'വര്‍ഷങ്ങള്‍ക്കു ശേഷം' എന്ന സിനിമയിലും മേക്കപ്പാട്ടിസ്റ്റായി റൊണാക്‌സ് തന്നെയായിരുന്നു. തിയേറ്ററുകളിലെ വിജയത്തിനുശേഷം
ഒ.ടി.ടിയില്‍ റിലീസ് ചെയ്തപ്പോള്‍ സിനിമയിലെ താരങ്ങളുടെ മേക്കപ്പിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് റൊണാക്‌സ് സേവ്യര്‍.
''മേക്കപ്പിനെക്കുറിച്ചുള്ള ഞങ്ങളുടെ പ്ലാന്‍ നന്നായി പ്രവര്‍ത്തിച്ചുവെന്ന് ഞാന്‍ കരുതുന്നു. തിയറ്ററില്‍ നിന്ന് സിനിമ കണ്ട് പോസിറ്റീവായി അഭിപ്രായം പറഞ്ഞവരും ഇവരാണ്. ഇപ്പോള്‍ വരുന്നത് കെട്ടിച്ചമച്ചതാണെന്നാണ് എനിക്ക് തോന്നുന്നത്. പ്രത്യേകിച്ച് ഒന്നും പറയാനില്ല. ''വിമര്‍ശനങ്ങള്‍ പോസിറ്റീവായി സ്വീകരിക്കുന്നു,''- റോണക്‌സ് പറഞ്ഞു.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത പീരിയഡ് മ്യൂസിക്കല്‍ ഡ്രാമയില്‍ പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ക്കൊപ്പം നിവിന്‍ പോളിയും അതിഥി വേഷത്തില്‍ തിളങ്ങി.തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം പൂര്‍ത്തിയാക്കിയ സിനിമ സൂപ്പര്‍ ഹിറ്റായി മാറുകയും ചെയ്തു.
ഒ.ടി.ടി പ്ലേ റിപ്പോര്‍ട്ട് പ്രകാരം, 'വര്‍ഷങ്ങള്‍ക്കു ശേഷം' 83 കോടി കളക്ഷന്‍ നേടി. കേരള ബോക്സ് ഓഫീസില്‍ നിന്ന് 38.70 കോടി, ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് 7.70 കോടിയും. വിദേശ വിപണിയില്‍ നിന്ന് 36.5 കോടിയും കളക്ഷന്‍ സിനിമ സ്വന്തമാക്കി.ഏപ്രില്‍ 11നാണ് തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശനത്തിന് എത്തിയത്.