രേണുക വേണു|
Last Modified വെള്ളി, 6 ഡിസംബര്‍ 2024 (15:03 IST)
പീഡനക്കേസില്‍ അറസ്റ്റിലായ മുതിര്‍ന്ന നടന്‍ സിദ്ദിഖിന് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും കോടതിയുടെ അനുവാദമില്ലാതെ കേരളം വിട്ടു പോകാന്‍ പാടില്ലെന്നും പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പരാതിക്കാരിയെയോ പരാതിക്കാരിയുടെ ബന്ധുക്കളെയോ സമീപിക്കാന്‍ പാടില്ല, കേസിലെ തെളിവുകള്‍ നശിപ്പിക്കരുത്, അന്വേഷണസംഘം ആവശ്യപ്പെടുമ്പോള്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകളും കോടതി ജാമ്യം നല്‍കുമ്പോള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
പീഡനക്കേസില്‍ ചോദ്യം ചെയ്യലിനായി അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായപ്പോള്‍ ആണ് പൊലീസ് സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ക്കു മുന്നില്‍ ഇന്ന് രാവിലെയാണ് സിദ്ദിഖ് ഹാജരായത്.
അതേസമയം സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് വീണ്ടും പൊലീസ് കോടതിയില്‍ അറിയിച്ചു. സിദ്ദിഖ് അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പൊലീസ് പറഞ്ഞു. കര്‍ശന ജാമ്യവ്യവസ്ഥകള്‍ വേണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.