മംഗലാപുരം അധോലോകത്തിന്‍റെ കഥയുമായി ഷാജി - രണ്‍ജി ടീം; രക്തചരിത്രത്തില്‍ നായകന്‍ മോഹന്‍ലാല്‍ !

Mohanlal, Shaji Kailas, Renji Panicker, Antony, Aasheervad, Pranav, മോഹന്‍ലാല്‍, ഷാജി കൈലാസ്, രണ്‍ജി പണിക്കര്‍, ആന്‍റണി, ആശീര്‍വാദ്, പ്രണവ്
ശ്രേയസ് ജി വാസന്‍| Last Modified ബുധന്‍, 22 നവം‌ബര്‍ 2017 (11:15 IST)
അവര്‍ വീണ്ടും ഒത്തുചേരുകയാണ്. ഷാജി കൈലാസും രണ്‍‌ജി പണിക്കരും. ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍ എന്ന ചിത്രത്തിന് ശേഷം മലയാളസിനിമയിലെ ഈ വമ്പന്‍ ടീം വീണ്ടും എത്തുമ്പോള്‍ നായകന്‍ മോഹന്‍‌ലാലാണ്. മംഗലാപുരം അധോലോകത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും ഇതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും.

രണ്‍ജി പണിക്കര്‍ ഈ തിരക്കഥയുടെ അവസാന മിനുക്കുപണികളിലാണ്. മംഗലാപുരം അധോലോകത്തിന്‍റെ രക്തം പുരണ്ട കഥ പറയുന്ന സിനിമ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും തീപാറുന്ന ഡയലോഗുകളുമുള്ള ഹൈവോള്‍ട്ടേജ് മാസ് ചിത്രമായിരിക്കും. അഭിനയത്തിരക്കിന്‍റെ ഇടവേളകളിലെല്ലാം രണ്‍ജി പണിക്കര്‍ ഈ സിനിമയുടെ തിരക്കഥയെഴുതുകയായിരുന്നു.

വിന്‍‌സന്‍റ് ഗോമസ്, സാഗര്‍ എലിയാസ് ജാക്കി, ജഗന്നാഥന്‍, കണ്ണന്‍ നായര്‍, ഹരിയണ്ണ, സക്കീര്‍ ഹുസൈന്‍ തുടങ്ങിയ സൂപ്പര്‍ അധോലോക നായകന്‍‌മാരെ അനശ്വരമാക്കിയ താരമാണ് മോഹന്‍ലാല്‍. ആ‍ ശ്രേണിയിലേക്കാണ് പുതിയ ചിത്രവുമായി ഷാജി കൈലാസ് എത്തുന്നത്.

ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍ ആയിരുന്നു ഷാജി - രണ്‍ജി ടീമില്‍ നിന്ന് ഒടുവില്‍ പുറത്തുവന്ന സിനിമ. ഡല്‍ഹി രാഷ്ട്രീയം ചര്‍ച്ച ചെയ്ത ആ ചിത്രം പരാജയപ്പെട്ടു. ഇത് രണ്ടാം തവണയാണ് രണ്‍ജി പണിക്കര്‍ മോഹന്‍ലാല്‍ ചിത്രത്തിനായി തൂലിക ചലിപ്പിക്കുന്നത്. ജോഷി സംവിധാനം ചെയ്ത ‘പ്രജ’ ആണ് ആദ്യചിത്രം. അത് ബോക്സോഫീസില്‍ വലിയ ചലനം ഉണ്ടാക്കിയില്ല.

ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആറാം തമ്പുരാന്‍, നരസിംഹം, താണ്ഡവം, നാട്ടുരാജാവ്, ബാബാ കല്യാണി, അലിഭായ്, റെഡ് ചില്ലീസ് എന്നിവയാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ സിനിമകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :