അഭിറാം മനോഹർ|
Last Modified തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2023 (20:29 IST)
ജവാന്റെ വമ്പന്‍ വിജയത്തിന് ശേഷം നയന്‍താരയുടെ വഴിയെ കൂടുതല്‍ തെന്നിന്ത്യന്‍ താരങ്ങള്‍ ബോളിവുഡിലേയ്‌ക്കെന്ന് റിപ്പോര്‍ട്ടുകള്‍. തെന്നിന്ത്യന്‍ സൂപ്പര്‍ നായികയായ സാമന്തയാണ് ബോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്ന പുതിയ തെന്നിന്ത്യന്‍ താരം. നേരത്തെ ഫാമിലി മാന്‍ സീരീസില്‍ താരം അഭിനയിച്ചിരുന്നെങ്കിലും അത് ഒടിടി റിലീസായിരുന്നു. സല്‍മാന്‍ ഖാന്റെ നായികയായാണ് താരം ബോളിവുഡില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്.
സല്‍മാന്‍ ഖാനെ നായകനാക്കി കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന ചിത്രത്തിലാണ് സാമന്ത നായികയാകുന്നത്. തമിഴ് സംവിധായകനായ വിഷ്ണു വര്‍ധനാണ്
സിനിമ സംവിധാനം ചെയ്യുന്നത്. സല്‍മാന്റെ നായികയായി തെന്നിന്ത്യന്‍ നായികമാരായ തൃഷ, അനുഷ്‌ക എന്നിവരെ പരിഗണിച്ചിരുന്നെങ്കിലും അവസാനം നറുക്ക് സാമന്തയ്ക്ക് വീഴുകയായിരുന്നു. ഷേര്‍ഷാ എന്ന സിനിമയിലൂടെ ബോളിവുഡിലും ഹിറ്റ് നല്‍കിയ സംവിധായകനാണ് വിഷ്ണു വര്‍ധന്‍. അജിത്തിനെ നായകനാക്കി ബില്ല, ആരംഭം എന്നീ സിനിമകള്‍ ഒരുക്കിയത് വിഷ്ണു വര്‍ധനാണ്.
അതേസമയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം സല്‍മാന്‍ ഖാനും കരണ്‍ ജോഹറും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും അണിയറയില്‍ ഒരുങ്ങുന്ന സിനിമയിലുണ്ട്. 1998ല്‍ കുച്ഛ് കുച്ഛ് ഹോത്താ ഹേ എന്ന കരണ്‍ ജോഹര്‍ സിനിമയിലാണ് സല്‍മാന്‍ അവസാനമായി അഭിനയിച്ചത്. ഈ വര്‍ഷം നവംബറോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.