ആരാണ് സൂപ്പർ സ്റ്റാർ? രജനിയോ വിജയോ? ജയ്‌ലർ ഓഡിയോ ലോഞ്ചിന് പിന്നാലെ തമിഴകത്ത് തീപിടിച്ച ചർച്ച, പരസ്പരം പോരടിച്ച് രജനീ- വിജയ് ആരാധകർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 7 ഓഗസ്റ്റ് 2023 (18:26 IST)
സിനിമാമേഖലയില്‍ തങ്ങളുടെ ഇഷ്ടതാരങ്ങളുടെ പേരില്‍ ആരാധകര്‍ തമ്മില്‍ വാക് തര്‍ക്കമുണ്ടാകുന്നതും പരസ്പരം പോരടിക്കുന്നതും ഇന്ത്യയില്‍ സാധാരണമാണ്. മലയാളത്തില്‍ മമ്മൂട്ടി - മോഹന്‍ലാല്‍ ഫാന്‍ ഫൈറ്റും തമിഴില്‍ രജനിയും കമലും ഇവരില്‍ ആരാണ് മികച്ചവന്‍ എന്ന ചര്‍ച്ചയെല്ലാം കാലങ്ങളായി നടക്കുന്നതാണ്. എന്നാല്‍ തമിഴകത്തിപ്പോള്‍ രജനിയാണോ വിജയ് ആണോ സൂപ്പര്‍ സ്റ്റാര്‍ എന്ന ചര്‍ച്ചകളാണ് നടക്കുന്നത്.

രജനീകാന്ത് അഭിനയിക്കുന്ന ജയ്‌ലര്‍ സിനിമയിലെ ഹുകും എന്ന ഗാനവും അതിന് പിന്നാലെ ജയ്‌ലര്‍ ഓഡിയോ ലോഞ്ചില്‍ രജനീകാന്ത് നടത്തിയ പ്രസംഗവുമെല്ലാമാണ് തമിഴകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. പക്ഷികളുടെ കൂട്ടത്തില്‍ കാക്ക എല്ലാവരെയും ശല്യം ചെയ്യും. പരുന്ത് അങ്ങനെ ചെയ്യാറില്ല. കാക്ക പരുന്തിനെ പോലും ശല്യം ചെയ്യും. എന്നാല്‍ അതൊന്നും നോക്കാതെ ഉയര്‍ന്ന് പറക്കുകയാണ് പരുന്ത് ചെയ്യുക. എന്ത് ചെയ്താലും പരുന്തിനെ പോലെ ഉയരത്തില്‍ പറക്കാന്‍ കാക്കയ്ക്കാകില്ല എന്നായിരുന്നു ഓഡിയോ ലോഞ്ചിനിടെയിലെ രജനിയുടെ പരാമര്‍ശം.

കാക്കയായി രജനീ ഉദ്ദേശിച്ചത് സൂപ്പര്‍ താരം വിജയെ ആണെന്ന തരത്തിലാണ് തമിഴകത്ത് ചര്‍ച്ച കൊഴുക്കുന്നത്. സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് പലരും വിജയെ ഉയര്‍ത്തിക്കാണിക്കുന്നതിനെതിരെയാണ് രജനീകാന്ത് പരാമര്‍ശം നടത്തിയതെന്നാണ് തമിഴകത്തെ സംസാരം. ഇതോടെ സമൂഹമാധ്യമങ്ങളില്‍ അടക്കം രജനി വിജയ് ആരാധകര്‍ പോരാട്ടം ആരംഭിച്ചുകഴിഞ്ഞു. തമിഴകത്ത് രജനിയുടെ കാലം അവസാനിച്ചെന്നും വിജയാണ് നിലവിലെ സൂപ്പര്‍ സ്റ്റാറെന്നും ഒരുകൂടം പറയുമ്പോള്‍ രജനീകാന്ത് എല്ലാകാലത്തും സൂപ്പര്‍ സ്റ്റാറാണെന്നും വിജയ് പോലും 70 കഴിഞ്ഞ രജനിയോടാണ് ഇപ്പോള്‍ മത്സരിക്കുന്നതെന്ന് പറയുമ്പോള്‍ തന്നെ തലൈവരുടെ റേഞ്ച് വ്യക്തമാണെന്നും രജനീ ആരാധകര്‍ തിരിച്ചടിക്കുന്നു.

എന്നാല്‍ ഇതിനിടെ സമൂഹമാധ്യമങ്ങളിലെ പോര് തെരുവിലേക്കും വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. മധുരയില്‍ വിജയ് ആരാധകര്‍ പതിപ്പിച്ച പോസ്റ്റര്‍ രജനീ ആരാധകര്‍ വലിച്ചുകീറിയതായാണ് റിപ്പോര്‍ട്ട്. ആദ്യം പാട്ടിലൂടെയും പിന്നീട് ഓഡിയോ ലോഞ്ചിലൂടെയും തലൈവര്‍ കൊളുത്തിവിട്ട വിവാദത്തിന് ലിയോ ഓഡിയോ ലോഞ്ചില്‍ വിജയ് പ്രതികരിക്കുമെന്നാണ് വിജയ് ആരാധകര്‍ പറയുന്നത്. നിലവില്‍ തമിഴകത്ത് ഏറ്റവും താരമൂല്യമുള്ളതും ബിസിനസുള്ളതും വിജയ്ക്കാണ് എന്നത് യാഥാര്‍ഥ്യമാണ്. ഈ സാഹചര്യത്തില്‍ ലിയോ ഓഡിയോ ലോഞ്ചില്‍ എന്ത് മറുപടിയായിരിക്കും വിജയ് നല്‍കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് തമിഴ് സിനിമാലോകം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :