അഭിറാം മനോഹർ|
Last Modified വ്യാഴം, 28 നവംബര്‍ 2024 (14:17 IST)
മലയാളത്തില്‍ ഫ്യൂഡല്‍ നായകന്മാരെ അവതരിപ്പിച്ച് കയ്യടി നേടുന്ന സംവിധായകനെന്ന് വിമര്‍ശനം നേരിട്ട സംവിധായകനാണ് ഷാജി കൈലാസ്. നരസിംഹം, വല്ല്യേട്ടന്‍ മുതലായ ഷാജി കൈലാസിന്റെ വലിയ ഹിറ്റ് ചിത്രങ്ങളെല്ലാം തന്നെ ഫ്യൂഡല്‍ നായകന്മാരെ പ്രോത്സായിപ്പിച്ച സിനിമകളായിരുന്നു. ഇപ്പോഴിതാ ആളുകള്‍ വിമര്‍ശിക്കുമെങ്കിലും ആളുകള്‍ കാണാന്‍ ഇഷ്ടപ്പെടുന്നതും ഇത്തരം നായകന്മാരെ തന്നെയാണെന്ന് പറയുകയാണ് ഷാജി കൈലാസ്. വല്ല്യേട്ടന്‍ സിനിമയുടെ റി റിലീസിനൊട് അനുബന്ധിച്ച് ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്റെ പ്രതികരണം.
ഫ്യൂഡല്‍ ആളുകളെ ആള്‍ക്കാര്‍ക്ക് ഇഷ്ടമാണ്. അങ്ങനെയുള്ള സിനിമകള്‍ എടുക്കുന്നുവെന്ന വിമര്‍ശനങ്ങളെ ഞാന്‍ കാര്യമാക്കുന്നില്ല. പടം വിജയിക്കുന്നുവെങ്കില്‍ എല്ലാം ഓക്കെയാണ്. കമന്റ് ബോക്‌സുകള്‍ ഞാന്‍ നോക്കാറില്ല. തുറന്നാലും കുറെ ആളുകള്‍ ഇങ്ങനെ ചീത്ത പറഞ്ഞുകൊണ്ടിരിക്കും. അതെല്ലാം ആ വഴിക്ക് അതെല്ലാം നടക്കും. എനിക്ക് ഇങ്ങനത്തെ സിനിമ ചെയ്യാനെ അറിയു. ഇപ്പോളടുത്ത് ആളുകള്‍ കൊണ്ടാടിയ ലൂസിഫര്‍ സിനിമ പോലും ഫ്യൂഡല്‍ നായകനെ ആഘോഷിച്ച സിനിമയാണ്. ഷാജി കൈലാസ് പറഞ്ഞു.