ലാലേട്ടന്‍ വീണ്ടും മീശപിരിക്കും; നരസിംഹം പുനര്‍ജനിക്കുന്നു

 നരസിംഹം , നരസിംഹം റിട്ടേണ്‍സ് , ഷാജി കൈലാസ് , ദുബായ്
jibin| Last Updated: വ്യാഴം, 4 ഡിസം‌ബര്‍ 2014 (14:54 IST)
മീശപിരിച്ചും, ഡയലോഗ് പറഞ്ഞും മലയാള സിനിമയുടെ എക്കാലത്തെയും വമ്പന്‍ ഹിറ്റുകളുടെ ഗണത്തിലേക്ക് ചുവട് വെച്ച മോഹന്‍ലാല്‍ നായകനായ നരസിംഹം വീണ്ടും അവതരിക്കുന്നു. റിലീസ് ചെയ്തിട്ട് പതിനഞ്ച് വര്‍ഷം തികയുന്ന ഈ സിനിമയുടെ പതിനഞ്ചാം വാര്‍ഷികം നരസിംഹം റിട്ടേണ്‍സ് എന്നു പേരിട്ടിരില്‍ ഡിസംബര്‍ 5ന് ദുബായിലെ ഗോള്‍ഡന്‍ സിനിമാസില്‍ വെച്ച് വന്‍ ആഘോഷമാക്കി മാറ്റാനാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. ചടങ്ങില്‍ മോഹന്‍ലാല്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് അണിയിച്ചൊരുക്കിയ നരസിംഹം 2000 ജനുവരി 26നാണ് റിലീസ് ചെയ്തത്. മോഹന്‍ലാലിന്റെ ഇന്ദുചൂഡന്‍ കഥാപാത്രത്തിന്റെ ആക്ഷനും ഡയലോഗും സിനിമയുടെ പഞ്ച് ആയപ്പോള്‍ അനശ്വര നടന്‍ തിലകന്‍ അവതരിപ്പിച്ച മാറാഞ്ചേരി കരുണാകര മേനോൻ എന്ന വേഷം തിലകനും മോഹന്‍ലാലും തമ്മിലുള്ള കെമിസ്ട്രിയുടെ തനിയാവര്‍ത്തനവുമായിരുന്നു. മോഹന്‍ലാലിന്റെയും കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ഡയലോഗായ 'നീ പോമോനേ ദിനേശാ...എന്ന പ്രയോഗം ഇപ്പോഴും ഹിറ്റായി നില്‍ക്കുമ്പോള്‍ നന്ദഗോപാൽ മാരാർ എന്ന മമ്മൂട്ടിയുടെ അതിഥി വേഷവും മലയാളികളുടെ മനസിലെ മായാത്ത രസക്കൂട്ടായി.

32 കേന്ദ്രങ്ങളിലായി റിലീസ് ചെയ്ത നരസിംഹം പ്രദർശനം തുടങ്ങി 35 ദിവസങ്ങൾക്കുള്ളിൽത്തന്നെ 2 കോടി ഷെയർ നേടിയെടുത്തു. പിന്നീട്
200 ദിവസം നിറഞ്ഞാടിയ നരസിംഹം ഇരുപത് കോടിയോളം രൂപയാണ് നിർമ്മാതാവിന് നേടിക്കൊടുത്തത്. ഈ ചിത്രത്തിന്റെ റെക്കോർഡ് 2006ൽ പുറത്തിറങ്ങിയ രസതന്ത്രം ആണ് തകർത്തത്. അതേസമയം മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മോഹന്‍ലാലിന്റെ മീശ പിരിയന്‍ കഥാപാത്രമുള്ള നരസിംഹമാണ് ടിവി റേറ്റിങ്ങില്‍ ഇപ്പോഴും മുന്നിലുള്ളത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :