കെ ആര്‍ അനൂപ്|
Last Modified വെള്ളി, 12 ജനുവരി 2024 (11:46 IST)
എബ്രഹാം ഓസ്ലര്‍ എന്ന സിനിമയെക്കുറിച്ചാണ് മലയാളക്കരയില്‍ ഇപ്പോള്‍ സംസാരം. ജയറാമിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തിയ ചിത്രത്തിന് മമ്മൂട്ടിയുടെ അതിഥി വേഷവും ഗുണം ചെയ്തു. മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഓസ്ലറിന് റിലീസ് ദിവസം തന്നെ 150ല്‍ പരം അധിക ഷോകള്‍ ഉണ്ടായി. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയ മമ്മൂട്ടിക്ക് നന്ദി പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് നടന്‍ ജയറാം. നാലുവര്‍ഷമാണ് ജയറാമിന്റെ ഇപ്പോഴത്തെ ചിരിക്ക് പിന്നിലുള്ള കാത്തിരിപ്പ്. മലയാള സിനിമയില്‍ അദ്ദേഹത്തെ കണ്ടിട്ട് ഇത്രയും കാലം വരും. വരാനിരിക്കുന്ന ദിവസങ്ങളില്‍ തിയറ്ററില്‍ നേരിട്ട് എത്തി പ്രേക്ഷകരെ കാണുമെന്നും നന്ദി പറഞ്ഞുകൊണ്ടുള്ള വീഡിയോയില്‍ പറഞ്ഞു.
'ഒരുപാട് സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഞാന്‍ ഈ വിഡിയോ ചെയ്യുന്നത്. മറ്റൊന്നിനും വേണ്ടിയല്ല നന്ദി പറയാന്‍ വേണ്ടിയാണ്. ഒരു വലിയ ഇടവേളയ്ക്കു ശേഷം ഇന്ന് തിയറ്ററില്‍ എത്തിയ എന്റെ സിനിമയാണ് എബ്രഹാം ഓസ്ലര്‍. എത്ര വൈകി വന്നാലും നല്ലൊരു സിനിമയുമായി വന്നാല്‍ ഞങ്ങള്‍ രണ്ടുകയ്യും നീട്ടി തിരിച്ചും സ്വീകരിക്കും എന്നുള്ളതിന് തെളിവാണ് ഇന്ന് തിയറ്ററില്‍ നിന്ന് എനിക്ക് കിട്ടിയ സ്‌നേഹവും സന്തോഷങ്ങളും എല്ലാം.വരും ദിവസങ്ങളില്‍ കേരളത്തിലുള്ള എല്ലാ പ്രധാനപ്പെട്ട തിയറ്ററുകളിലും എത്തി നിങ്ങളോടെല്ലാം നേരിട്ട് എനിക്ക് നന്ദി പറയണമെന്നുണ്ട്.
അപ്പൊ അവിടെ വച്ച് നമുക്ക് നേരിട്ട് കാണാം. എന്തായാലും ഈ സിനിമയിലുള്ള എല്ലാ ടെക്നീഷ്യന്‍സിനും സഹ താരങ്ങള്‍ക്കും എല്ലാവര്‍ക്കും നന്ദി. എന്നില്‍ ഒരു എബ്രഹാം ഓസ്ലര്‍ ഉണ്ട് എന്ന് തിരിച്ചറിഞ്ഞതിന് മിഥുന് നന്ദി. അവസാനമായി മമ്മൂക്ക, ഉമ്മ, എനിക്ക് വേണ്ടി വന്ന് ഈ കഥാപാത്രം ചെയ്തു തന്നതിന്',ജയറാം പറഞ്ഞു.