കെ ആര് അനൂപ്|
Last Modified വ്യാഴം, 21 ഒക്ടോബര്‍ 2021 (11:23 IST)
തന്റെയും രാഹുലിന്റെയും ഒപ്പം നടക്കുന്നത് റഹ്മാന് മുഹമ്മദ് അലിയാണെന്ന് പറഞ്ഞുകൊണ്ടാണ് സംവിധായകന് റോജിന്‍ തോമസിന്റെ കുറിപ്പ് തുടങ്ങുന്നത്.ഹോം എന്ന തിരക്കഥ സിനിമയായി കാണണമെന്ന് ഞങ്ങളെ പോലെ ഇവനും ഏറെ ആഗ്രഹിച്ചിരുന്നുവെന്നും 7 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഇന്ന് ഹോം സിനിമക്ക് ഉയര്‍ന്നു കേള്‍ക്കുന്ന ഹര്‍ഷാരവം മുകളില്‍ നിന്നുള്ള അവന്റെ അനുഗ്രഹമാണെന്നും സംവിധായകന് പറയുന്നു.
റോജിന്‍ തോമസിന്റെ വാക്കുകളിലേക്ക്
ഹോമിലെ അദൃശ്യ അംഗം
എന്റെയും രാഹുലിന്റെയും ഒപ്പം നടക്കുന്നത് റഹ്മാന് മുഹമ്മദ് അലി. ഞങ്ങളുടെ കൂടെ ഇങ്ങനെ നടക്കാതെ കാണാമറയത്തെങ്ങോ അവന് മാറി നടക്കാന്‍ തുടങ്ങിയിട്ട് മൂന്നു വര്‍ഷം തികയുന്നു. ഈ മൂന്നു വര്‍ഷത്തിനിടയില്‍ ഞങ്ങള്‍ ആരും അവനെ കുറിച്ച് ഓര്‍ക്കാത്ത... സംസാരിക്കാത്ത... ദിവസങ്ങള്‍ ഒന്നുപോലുമില്ല. അവന്റെ വേര്‍പാട് അവനെ ഒരിക്കല്‍ പരിചയപ്പെട്ടിട്ടുള്ളവര്ക്കു പോലും മനസ്സില്‍ തങ്ങി നില്ക്കുന്ന വലിയ നോവാണ്.
#
HOME എന്ന തിരക്കഥ സിനിമയായി കാണണമെന്ന് ഞങ്ങളെ പോലെ ഇവനും ഏറെ ആഗ്രഹിച്ചിരുന്നു .ഞാന്‍ ആദ്യം സ്ക്രിപ്റ്റ് വായിക്കാന്‍ കൊടുത്തില്‍ ഒരാള്‍ ആയിരുന്നു റഹ്മാനും.
എല്ലാരും കൂടെ script reading നു ഇരുന്ന ഒരു ദിവസം കുട്ടിയമ്മയും പപ്പയും ആന്റണിയുടെ സ്വഭാവ മാറ്റത്തെ കുറിച്ചു സംശയത്തോടെ സംസാരിക്കുന്ന സീനില്‍ ' എടാ 'ആ' ചിത്രമുള്ള ഒരു T Shirt കൂടെ കാണിച്ചാല്‍ നല്ലതായിരിക്കും' എന്നു റഹ്മാന് ഒരു suggesion പറഞ്ഞപ്പോള്‍ ആ രംഗം മനസ്സില്‍ ആലോചിച്ചു എല്ലാരും കൂടെ ചിരിച്ചത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു.എന്നാല്‍ അതു കണ്ടു ജനങ്ങള്‍ ചിരിക്കുന്നത് കാണാന്‍ കാലം അവനെ അനുവദിച്ചില്ല...
7 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഇന്ന് #ഹോം സിനിമക്ക് ഉയര്‍ന്നു കേള്‍ക്കുന്ന ഹര്‍ഷാരവം മുകളില്‍ നിന്നുള്ള അവന്റെ അനുഗ്രഹമാണ് എന്നു വിശ്വസിക്കാനാണ് ഞങ്ങള്‍ക്കിഷ്ട്ടം. അറിയപ്പെടുന്ന ഒരു Film Editor ആകണമെന്നായിരുന്നു അവന്റെ ആഗ്രഹം...ഞങ്ങള്‍ക്ക് ലഭിക്കുന്ന ഓരോ അംഗീകാരങ്ങളും അവനും കൂടെ അര്‍ഹതപ്പെട്ടതാണ്... Monkeypen എന്ന ആദ്യ സിനിമയുടെ സമയം തൊട്ടു തുടങ്ങിയ ഞങ്ങളുടെ സൗഹൃദത്തെ കുറിച്ചു ഒരുപാട് പറയാനുണ്ട്...
ഒരു ജീവിതകാലം മുഴുവന്‍ പറഞ്ഞാലും തീരാത്തത്ര ഓര്‍മകള്‍ സമ്മാനിച്ചിട്ടുണ്ട് അവന് ഞങ്ങള്‍ ഓരോരുത്തര്‍ക്കും. ഇപ്പോഴും അവന് ഞങ്ങളുടെ കൂടെ ഇതുപോലെ നടക്കുന്നുണ്ട് എന്നു വിശ്വസിക്കാനാണ് ഞങ്ങള്‍ക്കിഷ്ടം.
ഞങ്ങളുടെ ഹോമിലെ നിങ്ങള്‍ക്ക് അദൃശ്യനായ അംഗമാണ് റഹ്മാന്.