പുറത്തുവിടരുതന്ന് പറഞ്ഞ ഭാഗം പുറത്തായി, പ്രമുഖ നടന്മാരും പീഡനം നടത്തി, പേരുകൾ സർക്കാർ മുക്കിയോ?

Hema Committe
അഭിറാം മനോഹർ| Last Modified വെള്ളി, 23 ഓഗസ്റ്റ് 2024 (12:57 IST)
Hema Committe
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതില്‍ സര്‍ക്കാര്‍ അട്ടിമറിയുണ്ടായതായി ആരോപണം. വിവരാവകാശ കമ്മീഷന്‍ ഒഴിവാക്കേണ്ട എന്ന് പറഞ്ഞ ഭാഗങ്ങള്‍ ഒഴിവാക്കികൊണ്ട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടപ്പോള്‍ ഒഴിവാക്കണം എന്ന് പറഞ്ഞ ഒരു ഭാഗം അബദ്ധത്തില്‍ റിപ്പോര്‍ട്ടില്‍ വന്നതാണ് വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പാരഗ്രാഫ് 96, 165 മുതല്‍ 196 വരെയും അനുബന്ധവും ഒഴികെ വിവരങ്ങള്‍ പുറത്തുവിടാനാണ് ജൂലൈ 5ന് വിവരാവകാശകമ്മീഷന്റെ ഉത്തരവില്‍ പറഞ്ഞിരുന്നത്. സ്വകാര്യതയെ ബാധിക്കുന്ന മറ്റേതെങ്കിലും ഭാഗങ്ങളുണ്ടെങ്കില്‍ അത് ഏതാണെന്ന് തീരുമാനിച്ച് പട്ടികയുണ്ടാക്കി അപേക്ഷകര്‍ക്ക് നല്‍കണമെന്നും കമ്മീഷന്‍ വിധിയില്‍ പറയുന്നു.

വിഷയത്തില്‍ ഹര്‍ജികള്‍ ഹൈക്കോടതിക്ക് മുന്നിലെത്തിയതിനെ തുടര്‍ന്ന് ഈ മാസം 19നാണ് റിപ്പോര്‍ട്ടിന്റെ കോപ്പി സര്‍ക്കാര്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയവര്‍ക്കായി പുറത്തുവിട്ടത്. റിപ്പോര്‍ട്ടില്‍ ഒഴിവാക്കേണ്ടതില്ല എന്ന് പറഞ്ഞ 97 മുതല്‍ 108 വരെയുള്ള പാരഗ്രാഫുകള്‍ കൂടി ഒഴിവാക്കിയാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടിരുന്ന 96 പാരഗ്രാഫ് പുറത്തുവന്നതോടെയാണ് സര്‍ക്കാര്‍ വിവരങ്ങള്‍ മറച്ചുവെച്ചെന്ന ആരോപണം ശക്തമായിരിക്കുന്നത്.


ഒഴിവാക്കണമെന്ന് വിവരാവാകാശ കമ്മീഷന്‍ ആവശ്യപ്പെട്ട നാല്‍പ്പത്തൊമ്പതാമത് പേജിലെ 96 പാരഗ്രാഫ് റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ പറയുന്നത് സിനിമാ മേഖലയില്‍ ഏറെ പ്രമുഖരായ നടന്മാരില്‍ നിന്ന് പോലും സ്ത്രീകള്‍ക്ക് മോശമായ അനുഭവം ഉണ്ടായെന്നതാണ്. എന്നാല്‍ ഈ പാരഗ്രാഫിന് ശേഷം വരുന്ന ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലില്ല. ഈ പേജുകള്‍ ഒഴിവാക്കിയത് നടന്മാര്‍ ആരാണെന്ന് കണ്ടെത്താന്‍ ജനങ്ങളെ സഹായിക്കും എന്നത് കൊണ്ടാണെന്നാണ് സര്‍ക്കാരിനെതിരെ ഉയരുന്ന ആരോപണം.

സത്യത്തില്‍ കമ്മീഷന്‍ ഒഴിവാക്കാന്‍ പറഞ്ഞ നാല്‍പ്പത്തൊമ്പതാം പേജിലെ 96മത് പാരഗ്രാഫ് വന്നത് 48മത് പേജിലാണ്. എഡിറ്റ് ചെയ്തവര്‍ പേജ് നമ്പര്‍ വെച്ച് ഒഴിവാക്കിയപ്പോള്‍ അബദ്ധത്തില്‍ ഈ ഭാഗം പുറത്തായതായാണ് കരുതുന്നത്. ഉദ്യോഗസ്ഥര്‍ക്കുണ്ടായ ഈ നോട്ടപിശകിലുടെയാണ് പ്രമുഖ താരങ്ങളും സ്ത്രീകള്‍ക്കെതിരെ മോശമായി പെരുമാറിയതായി വ്യക്തമായത്. 49-53 പേജുകള്‍ കമ്മീഷന്‍ പുറത്തുവിടാമെന്ന് പറഞ്ഞിട്ടും സര്‍ക്കാര്‍ ഒഴിവാക്കിയത് പ്രമുഖരെ സംരക്ഷിക്കാനാണെന്നാണ് ആരോപണം.

എന്തെന്നാല്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ 96മത് പാരഗ്രാഫ് കഴിഞ്ഞ് വരുന്ന 54മത് പേജിലെ 108മത് പാരഗ്രാഫില്‍ പറയുന്നത് ഇപ്രകാരമാണ്. കമ്മിറ്റിക്ക് മുന്‍പാകെ പല താരങ്ങളും വരികയും ഏതൊരു തൊഴില്‍ മേഖലയിലും ഉള്ള പോലുള്ള ലൈംഗികമായ പീഡനങ്ങള്‍ മാത്രമാണ് സിനിമയിലുള്ളതെന്ന് പറയാന്‍ ശ്രമിച്ചു എന്നതുമാണ്. എന്നാല്‍ സിനിമയിലെ പീഡനങ്ങള്‍ സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ തുടങ്ങുന്നതായി കമ്മീഷന് ബോധ്യപ്പെട്ടതായും ഈ പാരഗ്രാഫില്‍ പറയുന്നു. അതിനാല്‍ തന്നെ ഇതിനിടയിലെ പേജുകളില്‍ സുപ്രധാനമായ വിവരങ്ങളുണ്ടെന്നാണ് മാധ്യമപ്രവര്‍ത്തകരും വിവരാവകാശ പ്രവര്‍ത്തകരും കരുതുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :