ദൃശ്യത്തെ മറികടക്കാൻ ജയം രവി, വമ്പൻ നീക്കവുമായി സൽമാൻ ഖാൻ !

Last Modified ബുധന്‍, 9 സെപ്‌റ്റംബര്‍ 2015 (16:18 IST)
തമിഴകമാകെ ഇപ്പോൾ 'തനി ഒരുവൻ' മാനിയയാണ്. ബാഹുബലിക്ക് ശേഷമിറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ്. ജയം രവി നായകനായ ഈ സൈക്കോളജിക്കൽ ത്രില്ലറിൽ വില്ലനായി എത്തുന്നത് അരവിന്ദ് സ്വാമി. ജയം രവിയുടെ സഹോദരൻ മോഹൻ രാജയാണ് സംവിധായകൻ.

ഈ സിനിമയുടെ തകർപ്പൻ വിജയം മറ്റ് ഭാഷകളിലെ സിനിമാപ്രവർത്തകരെയും അമ്പരപ്പിച്ചിക്കുന്നു. നായകനേക്കാൾ സുന്ദരനായ വില്ലൻ. കഥയിൽ പുതുമയൊന്നുമില്ല. ആദ്യം തന്നെ വില്ലനെ പ്രേക്ഷകർക്ക് മനസിലാകുന്നു. പിന്നീട് വില്ലനെ പിടിക്കാനുള്ള നായകൻറെ പരക്കം പാച്ചിലാണ്. കഥ പറയുന്ന രീതിയിലെ പുതുമയും ത്രില്ലുമാണ് തനി ഒരുവനെ ഗംഭീര വിജയമാക്കി മാറ്റിയത്. എന്തായാലും ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി ഭാഷകളിലേക്ക് ഈ സിനിമ റീമേക്ക് ചെയ്യുകയാണ്.

സമീപകാലത്ത് മലയാളത്തിൻറെ ദൃശ്യമായിരുന്നു റീമേക്ക് ചെയ്ത് ചലനം സൃഷ്ടിച്ച സിനിമ. നാലുഭാഷകളിലേക്കാണ് ദൃശ്യം റീമേക്ക് ചെയ്തതെങ്കിൽ അഞ്ചുഭാഷകളിലേക്കാണ് തനി ഒരുവൻറെ റീമേക്ക് വരുന്നത്.

ഇതിൽ, ഹിന്ദി റീമേക്ക് സംവിധാനം ചെയ്യുന്നത് മോഹൻ രാജ തന്നെയാണ്. സാക്ഷാൽ സൽമാൻ ഖാനാണ് ആ സിനിമയിൽ നായകനാകുന്നത്. തനി ഒരുവൻ കണ്ട് ഇഷ്ടമായ സൽമാൻ നേരിട്ട് മോഹൻ രാജയെ സമീപിക്കുകയായിരുന്നു. സൽമാൻ തന്നെ ഈ സിനിമ നിർമ്മിച്ചേക്കുമെന്നും സൂചനയുണ്ട്.

തെലുങ്കിൽ രാം ചരൺ തേജയും കന്നഡയിൽ പുനീത് രാജ്‌കുമാറും നായകൻമാരാകും. മറാത്തി പതിപ്പിൽ നായികയാകാൻ ജെനിലിയ ഡിസൂസ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. തനി ഒരുവനിൽ നയൻതാരയായിരുന്നു നായിക.

റീമേക്ക് ചിത്രങ്ങൾ മാത്രം സംവിധാനം ചെയ്തിട്ടുള്ള മോഹൻ രാജ സ്വന്തം തിരക്കഥയിൽ എടുത്ത ആദ്യ സിനിമയാണ് തനി ഒരുവൻ. ആദ്യ പത്തുദിവസങ്ങൾ കൊണ്ട് തമിഴ്‌നാട്ടിൽ നിന്നുമാത്രം ചിത്രം 30 കോടിയിലേറെ കളക്ഷൻ നേടി. ഈ രീതിയിൽ മുന്നോട്ടുപോയാൽ തനി ഒരുവൻ 100 കോടി ക്ലബിൽ ഇടം നേടുമെന്ന് തീർച്ചയാണ്. ജയം രവിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി ഈ സിനിമ മാറിയിരിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :