അഭിറാം മനോഹർ|
Last Modified ചൊവ്വ, 13 ഓഗസ്റ്റ് 2024 (15:58 IST)
സമീപകാലത്തായി തമിഴ് സിനിമകള്‍ ബോക്‌സോഫീസില്‍ കാര്യമായ പ്രകടനങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ലെങ്കിലും കഴിഞ്ഞ മാസമെത്തിയ രായന്‍ മികച്ച പ്രകടനമായിരുന്നു തമിഴ് ബോക്‌സോഫീസില്‍ കാഴ്ചവെച്ചത്. ധനുഷ് തന്നെ നായകനായും സംവിധായകനായും തിളങ്ങിയ സിനിമ നിര്‍മിച്ചത് സണ്‍ പിക്‌ചേഴ്‌സായിരുന്നു. ഇപ്പോഴിതാ സിനിമ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. പ്രൈം വീഡിയോസിനും സണ്‍ പിക്‌ചേഴ്‌സിനുമാണ് സിനിമയുടെ സ്ട്രീമിംഗ് അവകാശമുള്ളത്.
സിനിമ ഇറങ്ങി നാലാഴ്ചയ്ക്ക് ശേഷം ഓഗസ്റ്റ് 30ന് പ്രൈം വീഡിയോയില്‍ സിനിമ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രാക് ടോളിവുഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതിനെ പറ്റി നിര്‍മാതാക്കളില്‍ നിന്നും ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല. സിനിമ ഇതിനകം തന്നെ ആഗോള ബോക്‌സോഫീസില്‍ നിന്നും 150 കോടിയിലേറെ രൂപയാണ് കളക്ട് ചെയ്തത്. ഈ വര്‍ഷം തമിഴ് സിനിമയിലെ ഏറ്റവും വലിയ വിജയസിനിമയാണിത്. ഒരു ഫാമിലി ക്രൈം ത്രില്ലറായ സിനിമയില്‍ രായന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ധനുഷ് അവതരിപ്പിച്ചിരിക്കുന്നത്.
ധനുഷിന് പുറമെ കാളിദാസ് ജയറാം,സുന്ദീപ് കിഷന്‍, എസ് ജെ സൂര്യ,സെല്‍വരാഘവന്‍,അപര്‍ണ മുരളി,ദുഷറ,സമുദ്രക്കനി തുടങ്ങിയ താരങ്ങളാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.