Raayan Movie Review: കെട്ടുറപ്പില്ലാത്ത തിരക്കഥയില്‍ ധനുഷിന്റെ 'ചോരക്കളി'

പലതവണ കണ്ടുമടുത്ത അണ്ണന്‍-തമ്പി പാസം, തങ്കച്ചി പാസം എന്നിവയില്‍ നിന്ന് തുടങ്ങി ചോരക്കളിയിലേക്ക് പോകുന്ന ചിത്രത്തിന്റെ പ്രധാന പോരായ്മ അതിന്റെ തിരക്കഥ തന്നെയാണ്

Raayan Movie Review
രേണുക വേണു| Last Modified ശനി, 27 ജൂലൈ 2024 (11:38 IST)
Raayan Movie Review

Raayan Movie Review: തന്റെ കരിയറിലെ 50-ാമത്തെ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യാന്‍ കൂടി ധനുഷ് തീരുമാനിച്ചപ്പോള്‍ സിനിമാ പ്രേമികള്‍ വലിയ പ്രതീക്ഷയില്‍ ആയിരുന്നു. മാസും ക്ലാസും നിറഞ്ഞ ഒരു ഗംഭീര സിനിമയ്ക്കായാണ് ധനുഷ് ആരാധകര്‍ അടക്കം കാത്തിരുന്നത്. എന്നാല്‍ എല്ലാവരുടെയും പ്രതീക്ഷകളെ തകര്‍ത്തുകളയുന്ന വെറും ശരാശരി സിനിമാറ്റിക് എക്‌സ്പീരിയന്‍സ് മാത്രമാണ് 'രായന്‍'.

പലതവണ കണ്ടുമടുത്ത അണ്ണന്‍-തമ്പി പാസം, തങ്കച്ചി പാസം എന്നിവയില്‍ നിന്ന് തുടങ്ങി ചോരക്കളിയിലേക്ക് പോകുന്ന ചിത്രത്തിന്റെ പ്രധാന പോരായ്മ അതിന്റെ തിരക്കഥ തന്നെയാണ്. കെട്ടുറപ്പില്ലാത്ത തിരക്കഥയായതിനാല്‍ പല സീനുകളും പ്രേക്ഷകര്‍ക്ക് കണ്‍വിന്‍സിങ് ആയിരുന്നില്ല. രണ്ടാം പകുതിയിലേക്ക് എത്തിയപ്പോള്‍ 'എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്' എന്ന അവസ്ഥയിലേക്ക് പ്രേക്ഷകര്‍ എത്തുന്നു. നായകന്റെ ചോരക്കളികളെ സാധൂകരിക്കാന്‍ തിരക്കഥയ്ക്ക് സാധിക്കാതെ വരുമ്പോള്‍ രായന്‍ പാതിവെന്ത ഒരു സിനിമാ അനുഭവം മാത്രമായി ചുരുങ്ങുന്നു.

കാത്തവരായന്‍, മുത്തുവേല്‍ രായന്‍, മാണിക്യ രായന്‍, ദുര്‍ഗ എന്നീ സഹോദരങ്ങളുടെ ജീവിതമാണ് സിനിമയുടെ പ്രധാന പ്രമേയം. രായന്റേയും സഹോദരങ്ങളുടേയും ഫ്‌ളാഷ് ബാക്ക് സീനുകള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ മികച്ച രീതിയില്‍ ധനുഷ് ചിത്രീകരിച്ചിട്ടുണ്ട്. പിന്നീട് സഹോദരങ്ങള്‍ തമ്മിലുള്ള സൗഹൃദവും സഹോദരിയോടുള്ള സ്‌നേഹവും അവതരിപ്പിക്കുന്നതിലും ധനുഷ് വിജയിച്ചു. അവിടെ നിന്ന് ഗ്യാങ്സ്റ്റര്‍ റിവഞ്ച് സ്റ്റോറിയായി പടം മാറുമ്പോള്‍ തിരക്കഥ അമ്പേ മോശമാകുന്നു. അതിനനുസരിച്ച് സിനിമയുടെ ഗ്രാഫും താഴേക്ക് പോകുന്നുണ്ട്.

അഭിനേതാക്കളുടെ പ്രകടനങ്ങളില്‍ എടുത്തുപറയേണ്ടത് എസ്.ജെ.സൂര്യയുടേതാണ്. വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ തന്നെ പ്രേക്ഷകരെ ചിരിപ്പിക്കാനും സൂര്യക്ക് സാധിക്കുന്നുണ്ട്. ദൈര്‍ഘ്യം കുറവാണെങ്കിലും പ്രകാശ് രാജിന്റെ കഥാപാത്രവും മികച്ചതായിരുന്നു. ധനുഷ് അടക്കമുള്ള ബാക്കി കഥാപാത്രങ്ങളെല്ലാം ശരാശരി പ്രകടനമാണ് നടത്തിയത്. എ.ആര്‍.റഹ്‌മാന്റെ പശ്ചാത്തല സംഗീതം ചിലയിടങ്ങളില്‍ മികവ് പുലര്‍ത്തിയെങ്കിലും പ്രേക്ഷകരുടെ പ്രതീക്ഷകളെ പൂര്‍ണമായി തൃപ്തിപ്പെടുത്തിയില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :