അഭിറാം മനോഹർ|
Last Modified തിങ്കള്‍, 2 ഡിസംബര്‍ 2024 (14:48 IST)
അല്ലു അര്ജുന് നായകനായെത്തുന്ന പുഷ്പ 2വിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ സിനിമ.സുകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് അഡ്വാന്‍സ് ബുക്കിങ്ങിലെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ വലിയ റിലീസുകളിലൊന്നായി സിനിമ ഇറങ്ങുമ്പോള്‍ പക്ഷേ തെലുങ്കിലെ മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ കുടുംബം സിനിമയ്ക്കായി ഒരു പിന്തുണയും പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് നിലവില്‍ തെലുങ്ക് സംസ്ഥാനങ്ങളിലെ പ്രധാനചര്‍ച്ച.
പുഷ്പ 2വിന്റേതായി പുറത്തുവന്ന പ്രമോഷന് വീഡിയോകളില്‍ പോലും മെഗാ സ്റ്റാര്‍ കുടുംബത്തിലെ ആരും തന്നെ ആശംസകള്‍ നേര്‍ന്നിട്ടില്ല. ഈ വര്‍ഷം മെയില്‍ നടന്ന ആന്ധ്രാപ്രദേശ് നിയമസഭ തിരെഞ്ഞെടുപ്പോടെയാണ് അല്ലുവും മെഗാ സ്റ്റാര്‍ ഫാമിലിയും തമ്മില്‍ അകല്‍ച്ചയിലായത് എന്നാണ് ടോളിവുഡിലെ സംസാരം. എഗാ ഫാമിലിയിലെ പ്രധാന അംഗവും അല്ലുവിന്റെ അമ്മാവനുമായ പവന് കല്യാണിന്റെ ജനസേനയുടെ എതിരാളിയായ വൈഎസ്ആര്‍സിപി സ്ഥാനാര്‍ഥി സില്പ രവിചന്ദ്ര കിഷോര്‍ റെഡ്ഡിയ്ക്കായി അല്ലു അര്ജുന് പ്രചാരണത്തിനെത്തിയതാണ് എല്ലാത്തിനും തുടക്കമായത്.
പിന്നാലെ ആന്ധ്രാ മന്ത്രിസഭ സത്യപ്രതിജ്ഞയ്ക്ക് അല്ലു എത്തിയിരുന്നില്ല. പവന്‍കല്യാണ്‍ സംസ്ഥാനത്തിലെ പ്രധാനപദവിയിലെത്തിയിട്ട് പോലും അല്ലു അര്‍ജുനും ആശംസകള്‍ ഒന്നും തന്നെ നേര്‍ന്നിരുന്നില്ല. ഇതിനിടെ കൊള്ളക്കാരനെയെല്ലാമാണ് ഇന്ന് ആളുകള്‍ സ്വീകരിക്കുന്നത് എന്ന് പുഷ്പയുടെ വിജയത്തെ പരോക്ഷമായി കൊണ്ട് പവന് കല്യാണ്‍ നടത്തിയ പ്രതികരണവും ചര്‍ച്ചയായിരുന്നു. ഇതിനെല്ലാം പിന്നാലെ കഴിഞ്ഞ ദിവസം ചിരഞ്ജീവിയുടെ സഹോദരനും അല്ലുവിന്റെ അമ്മാവനുമായ രാഷ്ട്രീയ നേതാവ് നാഗ ബാബുവിന്റെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റും ഇപ്പോള്‍ ചര്‍ച്ചയാണ്.
സ്വാമി വിവേകാനന്ദന്റെ ഉദ്ധരണിയില്‍ നാഗ് ബാബു പറയുന്നത് ഇങ്ങനെയാണ്. തെറ്റായ വഴിയിലാണ് പോകുന്നതെന്ന് മനസിലാക്കിയവര്‍ എത്രയും വേഗം ആ വഴി മാറും. അത് ചെയ്യാതിരുന്നാല്‍ നിങ്ങള്‍ തിരിച്ചുവരാന്‍ സാധിക്കാത്ത ദൂരം പോയിരിക്കും. ഈ പോസ്റ്റ് അല്ലു അര്‍ജുനെ ഉദ്ദേശിച്ചാണെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ ടോളിവുഡില്‍ നിറയുന്നത്.