അഭിറാം മനോഹർ|
Last Modified വ്യാഴം, 13 ജൂണ്‍ 2024 (19:17 IST)
മലയാള സിനിമ വമ്പന്‍ കളക്ഷനുകള്‍ സ്വന്തമാക്കി കുതിക്കുകയാണെങ്കിലും തമിഴിന് വിക്രം പോലെ വമ്പന്‍ താരങ്ങള്‍ അണിനിരക്കുന്ന രണ്ടാം ഭാഗവും മൂന്നാം ഭാഗവുമെല്ലാം സംഭവിക്കാന്‍ സാധ്യതയുള്ള ചിത്രങ്ങളുടെ കുറവുണ്ട്. മോഹന്‍ലാലിന് ലൂസിഫര്‍ എന്ന സിനിമ ഇത്തരത്തിലുണ്ടെങ്കിലും മമ്മൂട്ടി ഇത്തരത്തില്‍ ഒരു ബ്രഹ്മാണ്ഡ സിനിമയുടെ ഭാഗമായിട്ടില്ല. എന്നാല്‍ ഇതുവരെ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം അങ്ങനെയൊരു സിനിമ ഒരുക്കാനുള്ള ശ്രമത്തിലാണ് മമ്മൂട്ടി കമ്പനി. മഹേഷ് നാരായണ ഒരുക്കുന്ന മള്‍ട്ടി സ്റ്റാര്‍ ആക്ഷന്‍ സിനിമയില്‍ മമ്മൂട്ടിക്ക് പുറമെ സുരേഷ് ഗോപി,കുഞ്ചാക്കോ ബോബന്,ഫഹദ് ഫാസില്‍ തുടങ്ങിയ താരങ്ങളാണ് അണിനിരക്കുന്നത്.
ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെങ്കിലും ഇത്തരത്തില്‍ പല ഭാഗങ്ങളായി ഇറങ്ങാന്‍ സാധ്യതയുള്ള മമ്മൂട്ടി കമ്പനിയുടെ പുതിയ സിനിമയില്‍ താന്‍ ഭാഗമാണെന്ന് അടുത്തിടെ തൃശൂര്‍ എം പി കൂടിയായ സുരേഷ് ഗോപി അറിയിച്ചിരുന്നു. എന്നാല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഈ സിനിമയ്ക്ക് പുറമെ ചില വമ്പന്‍ സിനിമകളില്‍ കൂടി മമ്മൂട്ടി ഭാഗമാകുന്നുണ്ട് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍. പുരുഷപ്രേതം, ആവാസവ്യൂഹം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ കൃഷാന്ദ് ഒരുക്കുന്ന പുതിയ സിനിമയിലും മമ്മൂട്ടിയാകും നായകനെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചെറിയ ബജറ്റില്‍ പ്രമേയത്തിന്റെ വ്യത്യസ്തത കൊണ്ട് ശ്രദ്ധ നേടിയവയാണ് കൃഷാന്ദ് ഇതുവരെ ചെയ്ത സിനിമകള്‍. അതിനാല്‍ തന്നെ മമ്മൂട്ടി- കൃഷാന്ദ് സിനിമയിലും ഈ വ്യത്യസ്തത തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. അതിനാല്‍ തന്നെ ഏത് ജോണറിലാകും ഈ സിനിമയുണ്ടാവുക എന്ന കാര്യത്തില്‍ ഇതുവരെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. കൃഷാന്ദ് സിനിമയ്ക്ക് ശേഷം മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനവ് സുന്ദര്‍ നായ്ക്കിന്റെ സൈക്കോ ത്രില്ലര്‍ സിനിമയിലും മമ്മൂട്ടി ഭാഗമാകുമെന്നാണ് വിവരങ്ങള്‍.
നിലവില്‍ നസ്ലിനുമായി സിനിമ ചെയ്യുന്ന തിരക്കിലാണ് അഭിനവ്. അതിനാല്‍ തന്നെ ഈ സിനിമയുടെ തിരക്കുകള്‍ക്ക് ശേഷമാകും മമ്മൂട്ടി ചിത്രത്തിലേക്ക് അഭിനവ് കടക്കുന്നത്. മമ്മൂട്ടി കമ്പനി തന്നെയാകും അഭിനവ് സിനിമയുടെയും നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ഈ വാര്‍ത്തകള്‍ക്ക് ഇതുവരെയും സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെങ്കിലും മമ്മൂട്ടി ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്നതാണ് മമ്മൂട്ടിയുടെ ഈ ലൈനപ്പ്. കാര്യങ്ങള്‍ ഇതിനനുസരിച്ച് നീളുകയാണെങ്കില്‍ 2025ലും മമ്മൂട്ടി സ്ക്രീനില്‍ നമ്മളെ ഞെട്ടിപ്പിച്ചിരിക്കുമെന്ന കാര്യം തീര്‍ച്ചയാണ്.